Kerala

ശബരിമലയിൽ കണ്ഠര് രാജീവര് ഒഴിയുന്നു: മകന്‍ കണ്ഠര് ബ്രഹ്‌മദത്തന്‍ അടുത്ത തന്ത്രിയായി സ്ഥാനമേൽക്കും

പത്തനംതിട്ട: കണ്ഠര് രാജീവര് ശബരിമല തന്ത്രി സ്ഥാനമൊഴിയുന്നു. കണ്ഠര് രാജീവര് സ്ഥാനമൊഴിയുന്നതോടെ മകൻ കണ്ഠര് ബ്രഹ്‌മദത്തൻ ശബരിമലയിലെ പുതിയ തന്ത്രിയാകും. നിയമത്തിൽ ബിരുദാനന്തര ബിരുദധാരിയാണ് മുപ്പതുകാരനായ ബ്രഹ്മദത്തൻ. ചിങ്ങമാസ പൂജകൾക്കായി നടതുറക്കുന്നത് മുതൽക്കാകും ബ്ര​ഹ്മദത്തൻ ചുമതലയേൽക്കുക.

പൂർണചുമതലയിൽനിന്ന് ഒഴിയുന്നെങ്കിലും ശബരിമലയിലെ ചടങ്ങുകളിൽ രാജീവരുടെ പങ്കാളിത്തമുണ്ടാകും. നിലവിൽ ശബരിമല തന്ത്രിയായ കണ്ഠര് മഹേശ്വര് മോഹനർക്കൊപ്പം തന്ത്രിപദവിയിലേക്ക് ബ്രഹ്‌മദത്തൻകൂടി വരുന്നതോടെ തലമുറമാറ്റം പൂർണമാകും. ഓരോ വർഷവും മാറിമാറിയാണ് താഴമൺ മഠത്തിലെ രണ്ടു കുടുംബങ്ങൾക്ക് ശബരിമലയിലെ താന്ത്രികാവകാശം.

പരേതനായ കണ്ഠര് മഹേശ്വരുടെ മകൻ കണ്ഠര് മോഹനരുടെ മകനാണ് ഇപ്പോഴത്തെ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്. അടുത്ത ഊഴം കണ്ഠര് രാജീവരുടേതാണ്. ചിങ്ങം ഒന്നിന് നടതുറക്കുമ്പോഴാണ് എല്ലാ വർഷവും തന്ത്രിമാറ്റം ഉണ്ടാകാറ്. ഇക്കൊല്ലം ചിങ്ങമാസപൂജകൾക്ക് ഓഗസ്റ്റ് 16-ന് നടതുറക്കും. അന്ന് വൈകീട്ട് മേൽശാന്തി നടതുറക്കുന്നത് കണ്ഠര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തിലായിരിക്കും.

രാജീവരുടെയും ബിന്ദുവിന്റെയും മകനായ ബ്രഹ്‌മദത്തൻ നിയമത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. അന്താരാഷ്ട്ര കമ്പനിയായ ഡെലോയ്റ്റിൽ ലീഗൽ വിഭാഗത്തിൽ ജോലിചെയ്തു. ഒരുവർഷംമുമ്പാണ് ജോലി രാജിവെച്ച് പൂജകളിലേക്കു തിരിഞ്ഞത്. എട്ടാംവയസ്സിൽ ഉപനയനം കഴിഞ്ഞതുമുതൽ പൂജകൾ പഠിച്ചുതുടങ്ങിയിരുന്നു.കഴിഞ്ഞകൊല്ലം ജൂൺ, ജൂലായ് മാസങ്ങളിലെ പൂജകൾക്ക് ശബരിമലയിൽ രാജീവർക്കൊപ്പം ബ്രഹ്‌മദത്തനും പങ്കാളിയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button