കൊച്ചി: കൊച്ചിയിൽ കാക്കനാട്ട് ഡിഎൽഎഫ് ഫ്ളാറ്റിലെ നിരവധി താമസക്കാർക്ക് വയറിളക്കവും ഛർദിയും അടക്കമുള്ള ആരോഗ്യപ്രശ്നനങ്ങൾ ഉണ്ടായ സംഭവത്തിൽ ആരോഗ്യവകുപ്പ് തുടർനടപടികൾ സ്വീകരിക്കുകയാണ്. രോഗലക്ഷണങ്ങൾ കണ്ടവർക്ക് ചികിത്സ ഉറപ്പാക്കാനുള്ള സൗകര്യങ്ങൾ തൃക്കാക്കരയിൽ തയാറാക്കി. ഫ്ലാറ്റിൽ വിതരണം ചെയ്യുന്ന വെള്ളം സൂപ്പർ ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.
വെള്ളത്തിന്‍റെ പരിശോധന ഫലം ലഭിച്ച ഉടൻ തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. അസുഖബാധിതരായി നിലവിൽ ഫ്ലാറ്റിൽ താമസിക്കുന്ന 5 പേർ കൊച്ചിയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. രോഗ പകർച്ചയും വ്യാപനവും തടയാനായി ഫിൽറ്റർ ചെയ്ത വെള്ളമായാലും തിളപ്പിച്ച് ആറിയതിന് ശേഷം മാത്രം കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ നിർദേശം.
അതേസമയം, വെള്ളത്തിന്‍റെ സാമ്പിൾ പരിശോധന ഫലം വൈകുമെന്നാണ് വിവരം. ഇന്നലെ ഉച്ചയ്ക്ക് ശേഷം പരിശോധനയ്ക്കായി സാമ്പിളുകൾ ലാബിൽ എത്തിച്ചത്. പരിശോധന നടത്താൻ 48 മുതൽ 72 മണിക്കൂർ സമയം വേണമെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ഫ്ലാറ്റിൽ രണ്ടാഴ്ചക്കുള്ളിൽ 441 പേർക്ക് രോഗ ലക്ഷണങ്ങൾ കണ്ടത്.
Post Your Comments