Article

ഹജ്ജ് തീര്‍ത്ഥാടനവും പുണ്യസ്ഥലങ്ങളും: ഇസ്ലാം മതവിശ്വാസികള്‍ സന്ദര്‍ശിക്കുന്ന പുണ്യസ്ഥലങ്ങളെ കുറിച്ചറിയാം

ഇസ്ലാം വിശ്വാസികള്‍ ഏറെ പുണ്യമായി കരുതുന്ന കര്‍മ്മമാണ് ഹജ്ജ്. എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹജ്ജിന് വേണ്ടി മക്കയിലെത്തുന്നത്. ചെയ്ത് പോയ തെറ്റുകളില്‍ പശ്ചാത്തപിച്ച് ആത്മീയമായ ഉണര്‍വ്വിലേക്ക് എത്താനാഗ്രഹമുള്ള ഓരോ വിശ്വാസിയും ജീവിതത്തില്‍ ഒരു തവണയെങ്കിലും ഹജ്ജ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. ഹജ്ജ് തീര്‍ഥാടനത്തിനായി പുണ്യഭൂമിയിലെത്തുന്ന ഇസ്ലാം വിശ്വാസികള്‍ സന്ദര്‍ശിക്കുന്ന വിവിധ സ്ഥലങ്ങള്‍ സൗദിയിലുണ്ട്. ഹജ്ജുമായി ബന്ധപ്പെട്ടതും ഹജ്ജിനെത്തുന്ന വിശ്വാസികള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്ന അത്തരം സ്ഥലങ്ങളെ കുറിച്ച് അറിയാം.

Read Also:  ഇന്ന് അറഫാ സംഗമം: ഹജ്ജ് തീര്‍ത്ഥാടകര്‍ മിനായില്‍ നിന്നും അറഫയിലേക്ക് ഒഴുകുന്നു

1. മിന

മസ്ജിദുല്‍ ഹറമിന്റെ കിഴക്ക് ഭാഗത്താണ് മിന സ്ഥിതി ചെയ്യുന്നത്. ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ രാത്രികളില്‍ ടെന്റ് കെട്ടി ക്യാംപ് ചെയ്യുന്ന സ്ഥലമാണ് മിന. ഹജ്ജിന്റെ ഭാഗമായി ജംറത്തുല്‍ അഖബ എന്ന പേരിലുള്ള മൂന്നു ചുമരുകളില്‍ കല്ലെറിയുന്ന കര്‍മ്മം ഇവിടെയാണ് നടക്കുന്നത്. ഇസ്ലാമിക ചരിത്രത്തില്‍ പ്രവാചകനായ ഇബ്രാഹിം നബി പിശാചിനെ കല്ലെറിഞ്ഞതാണ് ഈ കര്‍മ്മത്തിന്റെ പ്രസക്തി. 3 ദശലക്ഷം ആളുകളെ ഉള്‍ക്കൊള്ളുന്ന ഒരു ലക്ഷത്തിലധികം എയര്‍ കണ്ടീഷന്‍ ചെയ്ത ടെന്റുകള്‍ സ്ഥിതി ചെയ്യുന്ന മിന ടെന്റ് സിറ്റി എന്നും അറിയപ്പെടുന്നു.

2. അറഫ

മക്കയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന അറഫ പര്‍വ്വതം ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഏറെ പവിത്രമായ സ്ഥലങ്ങളിലൊന്നാണ്. ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമായി ദുല്‍ഹിജ്ജ ഒമ്പതിന് ഇവിടെ വെച്ച് തീര്‍ഥാടകര്‍ ഒരുമിച്ച് കൂടും. അറഫ സംഗമം എന്നാണ് ഇത് അറിയപ്പെടുന്നത്. പ്രവാചകന്‍ മുഹമ്മദ് നബി മരണപ്പെടുന്നതിന് മുമ്പുള്ള അവസാന പ്രസംഗം നടത്തിയത് അറഫയില്‍ വെച്ചാണ് എന്ന് വിശ്വസിക്കപ്പെടുന്നു. വിശ്വാസികളെ സംബന്ധിച്ച് അങ്ങേയറ്റം ആത്മീയമായ അനുഭവമാണ് അറഫ സംഗമം സമ്മാനിക്കുന്നത്.

3. മുസ്ദലിഫ

അറഫക്കും മിനക്കുമിടയില്‍ മക്കയില്‍ സ്ഥിതി ചെയ്യുന്ന പരന്ന ഭൂപ്രദേശമാണ് മുസ്ദലിഫ. അറഫ സംഗമത്തിന് ശേഷം ദശലക്ഷക്കണക്കിന് വരുന്ന തീര്‍ഥാടകര്‍ മുസ്ദലിഫയിലെത്തുന്നു. അറഫയില്‍ നിന്ന് മിനയിലേക്കുള്ള യാത്രക്കിടയില്‍ സൂര്യാസ്തമയത്തിന് ശേഷം വിശ്വാസികള്‍ തമ്പടിക്കുന്നത് ഇവിടെയാണ്. ഇവിടെ മഗ്രിബ് നമസ്‌കാരത്തിന് ശേഷം തുറന്ന ആകാശത്തിന് കീഴെ തീര്‍ഥാടകര്‍ ഉറങ്ങുന്നു. മുസ്ദലിഫയില്‍ രാത്രി സമയം ചെലഴിക്കുന്നത് വിശ്വാസികളെ സംബന്ധിച്ച് ആത്മീയമായി ഏറെ ഉണര്‍വ് നല്‍ക്കുന്ന അനുഭവമാണ്.

4 . മസ്ജിദുല്‍ ഹറം

ഖഅബ എന്ന് കൂടി അറിയപ്പെടുന്ന മസ്ജിദുല്‍ ഹറം മക്ക നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ അഞ്ചു നേരത്തെ നമസ്‌കാരം നിര്‍വ്വഹിക്കുന്നത് കഅബ സ്ഥിതി ചെയ്യുന്ന ദിശയിലേക്ക് തിരിഞ്ഞ് നിന്നു കൊണ്ടാണ്.

5. ഹിറാ ഗുഹ

മക്ക്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ജബല്‍ അല്‍ നൂര്‍ പര്‍വ്വതത്തിന് മുകളിലാണ് ഹിറാ ഗുഹ സ്ഥിതി ചെയ്യുന്നത്. മുഹമ്മദ് നബിക്ക് ആദ്യമായി ഇവിടെ വെച്ച് ദൈവിക വിളിപാടുണ്ടായി എന്ന് വിശ്വസിക്കപ്പെടുന്നു എന്നതാണ് ഹിറാ ഗുഹയുടെ പ്രത്യേകത. അതുകൊണ്ട് തന്നെ ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ ഇവിടെയും സന്ദര്‍ശനം നടത്തുന്നു.

 

6. മസ്ജിദുല്‍ ഖുബ

ഇസ്ലാമിക ചരിത്രത്തില്‍ ആദ്യം പണിത പള്ളിയാണ് മദീനയിലെ മസ്ജിദുല്‍ ഖുബ. ഈ പള്ളിയുടെ നിര്‍മ്മാണത്തിനായി ആദ്യം കല്ല് സ്ഥാപിച്ചത് പ്രവാചകന്‍ മുഹമ്മദ് നബി തന്നെയായിരുന്നു എന്നത് കൊണ്ട് വലിയ പ്രാധാന്യമാണ് വിശ്വാസികള്‍ക്കിടയില്‍ ഈ പള്ളിക്ക്. അതിനാല്‍ ഹജ്ജിനെത്തുന്ന വിശ്വാസം ഇവിടെയും എത്തി പ്രാര്‍ഥന നടത്തുന്നു.

7. മസ്ജിദുല്‍ ഖിബലതൈന്‍ഖിബല

മുസ്ലീങ്ങള്‍ നിസ്‌കരിക്കുന്നതിനായി തിരിഞ്ഞു നില്‍ക്കുന്ന ദിശ ആദ്യം ജറൂസലേമിലെ ബൈതുല്‍ മുഖദിസിന് നേരെയായിരുന്നു. ഇത് ഖഅബയിലേക്ക് മാറ്റിയ പ്രഖ്യാപനം നടന്നത് മദീനയിലെ ഈ പള്ളിയില്‍ വെച്ചാണെന്നാണ് വിശ്വാസം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ നമസ്‌കരിക്കുന്ന ദിശ ഏകീകരിപ്പെട്ടത് ഈ പ്രഖ്യാപനത്തിലൂടെയാണ്. അതുകൊണ്ട് തന്നെ വിശ്വാസികള്‍ സംബന്ധിച്ച് ഏറെ പ്രധാന്യമുള്ള സ്ഥലം തന്നെയാണ് ഇത്. മസ്ജിദുന്നബവി, മസ്ജിദ് തനീം, മസ്ജിദുല്‍ റഹ്മ തുടങ്ങി മറ്റു നിരവധി സ്ഥലങ്ങളും സൗദിയില്‍ വിശ്വാസികള്‍ സന്ദര്‍ശിക്കാറുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button