Latest NewsKeralaIndiaInternational

വ്യോമസേനവിമാനം കൊച്ചിയിലെത്തി: മൃതദേഹങ്ങൾ വീട്ടിലെത്തിക്കുന്നത് പ്രത്യേക ആംബുലൻസുകളിൽ, കണ്ണീരഞ്ജലികൾ അർപ്പിച്ച് കേരളം

കൊച്ചി: കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായുള്ള വ്യോമസേനയുടെ വിമാനം കൊച്ചി വിമാനത്താവളത്തിലെത്തി. ഇരുപത്തിമൂന്ന് മലയാളികളുടെ മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങും. രാവിലെ 10.30ഓടെ ആണ് വിമാനം എയർപോർട്ടിൽ എത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് ആംബുലൻസുകളിൽ മരിച്ചവരുടെ വീടുകളിൽ എത്തിക്കും. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാൻ മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.

മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായെന്നും മന്ത്രിമാരായ പി രാജീവ്, കെ രാജൻ എന്നിവര്‍ പറഞ്ഞു. 45 ഇന്ത്യക്കാര്‍ മരിച്ചെന്നാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളതെന്നും അപകട വിവരം അറിഞ്ഞ സമയം മുതല്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ആവശ്യമായ നടപടികള്‍ ആരംഭിച്ചിരുന്നുവെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

ഇന്നലെ മന്ത്രിസഭാ യോഗം ചേര്‍ന്നാണ് ആദ്യം കൊച്ചിയിലേക്ക് കൊണ്ടുവരണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചത്. 23 മലയാളികളുടെയും ഏഴു തമിഴ്നാട്ടുകാരുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങളായിരിക്കും കൊച്ചിയിലെത്തിക്കുക. ബാക്കി 14 മൃതദേഹങ്ങളുമായി വിമാനം ദില്ലിയിലേക്ക് പോകുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. 31 മൃതദേഹങ്ങളും പൊതുദര്‍ശനത്തിന് വെക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓരോ ടേബിളിലും മരിച്ചവരുടെ ഫോട്ടോയും പേരും ഉള്‍പ്പെടെയുണ്ടാകും.

തമിഴ്നാടിന്‍റെ ആംബുലന്‍സും ഇവിടെ എത്തിയിട്ടുണ്ടെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കും ആവശ്യമെങ്കില്‍ ആംബുലന്‍സുകള്‍ വിട്ടുകൊടുക്കാനുള്ള സംവിധാനവും നോര്‍ക്ക ഒരുക്കിയിട്ടുണ്ട്. കേരള അതിര്‍ത്തി വരെ അനുഗമിക്കാൻ അകമ്പടി വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. റോഡ് മാര്‍ഗമായിരിക്കും തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും മൃതദേഹങ്ങള്‍ കൊണ്ടുപോകുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരമെന്നും കെ രാജൻ പറഞ്ഞു.

ആന്ധ്രാ പ്രദേശ് സ്വദേശികളുടെ മൃതദേഹങ്ങള്‍ ദില്ലിയിലേക്കായിരിക്കും കൊണ്ടുപോകുകയെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. നടപടികള്‍ ഏകോപിപ്പിക്കുന്നതിനും തുടര്‍ നടപടികള്‍ വേഗത്തിലാക്കാനുമായി ഇന്നലെ മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് ആദ്യം കൊച്ചിയിലേക്ക് എത്തിക്കാൻ തീരുമാനിച്ചത്. ആദ്യം കൊച്ചിയിലെത്തുന്നത് കൂടുതല്‍ സൗകര്യമായിരിക്കും.  ഓരോ ആംബുലന്‍സിനും അകമ്പടി വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വിമാനം എത്തിയ ഉടനെ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ അതാത് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button