വൈപ്പിന്‍ : ഓട്ടം വിളിച്ചുകൊണ്ടുപോയി വനിതാ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച് അവശയാക്കി ബീച്ചില്‍ തള്ളിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മറ്റ് നാലുപേര്‍ക്കുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. കുഴുപ്പിള്ളി ചെറുവൈപ്പ് തച്ചാട്ടുതറ വീട്ടില്‍ സജീഷിന്റെ ഭാര്യ പ്രിയങ്ക (30), വെളിയത്താംപറമ്പ് മയ്യാറ്റില്‍ വീട്ടില്‍ വിഥുന്‍ദേവ് (25) എന്നിവരാണ് അറസ്റ്റിലായത്.
Read Also: അജിത് ഡോവല്‍ തുടരും: മൂന്നാം മോദി സര്‍ക്കാരിലും സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതല ഡോവലിന്
പ്രിയങ്കയുടെ ഭര്‍ത്താവ് സജീഷ് ഉള്‍പ്പെടെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ക്വട്ടേഷന്‍ സംഘത്തിലുള്ള മറ്റ് മൂന്നുപേരും ഒളിവിലാണ്. പള്ളത്താംകുളങ്ങര വളവിലെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ തച്ചാട്ടുതറ കൃഷ്ണന്റെ മകള്‍ ജയലക്ഷ്മിയെയാണ് (45) മൂന്നംഗ സംഘം മര്‍ദിച്ച് അവശയാക്കിയത്. പ്രിയങ്കയും ഭര്‍ത്താവ് സജീഷും ചേര്‍ന്നാണ് വിഥുന്‍ ദേവിന്റെ സഹായത്തോടെ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്.
ഓട്ടോ ഡ്രൈവറെക്കുറിച്ചുള്ള വിവരങ്ങളും റൂട്ട് മാപ്പും തയാറാക്കി വിഥുന്‍ ദേവ് ആണ് ആക്രമണം ആസൂത്രണം ചെയ്തത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
പ്രിയങ്കയുടെ അയല്‍വാസിയും ബന്ധുവുമാണ് ഓട്ടോ ഡ്രൈവറായ ജയലക്ഷ്മി. ഇരുവരും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നു. പ്രിയങ്കയ്/ക്കും ഭര്‍ത്താവിനുമെതിരെ ജയലക്ഷ്മി അപവാദപ്രചാരണം നടത്തിയതായും ആരോപണമുണ്ട്. പള്ളത്താംകുളങ്ങര ഓട്ടോ സ്റ്റാന്‍ഡില്‍നിന്ന് തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് ജയലക്ഷ്മിയെ ഒരാള്‍ ഓട്ടം വിളിച്ചത്.
വഴിമധ്യേ മറ്റ് രണ്ടുപേര്‍കൂടി ഓട്ടോയില്‍ കയറി രാത്രിയോടെ ചാത്തങ്ങാട് ബീച്ച് ഭാഗത്ത് എത്തിക്കുകയായിരുന്നു. വീണ്ടും ഓട്ടം പോകാന്‍ ആവശ്യപ്പെട്ടത് വിസമ്മതിച്ച ജയലക്ഷ്മിയെ കൈയിലുണ്ടായിരുന്ന ആയുധം കൊണ്ട് ശരീരമാസകലം ഇടിക്കുകയായിരുന്നു. നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പൊട്ടല്‍ സംഭവിച്ച് ജയലക്ഷ്മി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments