2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം ഭൂരിപക്ഷം നേടിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോക നേതാക്കൾ അഭിനന്ദിച്ചു. ഇതോടെ ഹാട്രിക്ക് ഭരണത്തിന് തയ്യാറെടുക്കുകയാണ് നരേന്ദ്ര മോദിയും ബിജെപിയും.
ഒരു സന്ദേശത്തിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ, പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുകയും ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് അദ്ദേഹവുമായി അടുത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. ഇന്ത്യയെ വലിയ ഉയരങ്ങളിലെത്തിക്കാനുള്ള പ്രധാനമന്ത്രിയുടെ തുടർച്ചയായ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
“ഇന്ത്യ-ഭൂട്ടാൻ ബന്ധം ശക്തിയിൽ നിന്ന് ശക്തിയിലേക്ക് വളരും.” അദ്ദേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.നേപ്പാളി പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ’തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായതിന് മോദിയെ അഭിനന്ദിച്ചു.
“തുടർച്ചയായ മൂന്നാം തവണയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെയും എൻഡിഎയുടെയും വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ. ഇന്ത്യയിലെ ജനങ്ങളുടെ ആവേശകരമായ പങ്കാളിത്തത്തോടെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.” പ്രചണ്ഡ ട്വീറ്റ് ചെയ്തു.
ഇന്ത്യ-നേപ്പാൾ സൗഹൃദം ശക്തിപ്പെടുത്തുന്നതിന് തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നതായി നേപ്പാളി പ്രധാനമന്ത്രിക്ക് മറുപടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുകയും ഇറ്റലിയെയും ഇന്ത്യയെയും ഒന്നിപ്പിക്കുന്ന സൗഹൃദം ശക്തിപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും പറഞ്ഞു.
Post Your Comments