കൊച്ചി: അവയവ തട്ടിപ്പ് സംബന്ധിച്ച് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. വൃക്ക നൽകിയ യുവതിയെ ഏജന്റ് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പരാതി ഉയർന്നു. ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചന്നും പിന്നീട് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യുവതി പൊലീസിൽ പരാതി നൽകി.
അവയവദാനത്തിന് കൂടുതൽ ആളുകളെ സംഘടിപ്പിച്ച് നൽകാൻ ആവശ്യപ്പെട്ട് തന്നെയും ഇയാൾ റാക്കറ്റിന്റെ ഭാഗമാക്കുകയായിരുന്നു എന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കുന്നത്.തനിക്ക് മുൻപരിചയമുള്ള ആളാണ് വൃക്ക ദാനം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് യുവതി വെളിപ്പെടുത്തുന്നത്. വലിയ തുകയാണ് വാഗ്ദാനം ചെയ്തത്. എന്നാൽ, വൃക്ക നൽകിയതിന് പിന്നാലെ ചെറിയൊരു തുകയാണ് തന്നത്. എന്നും കാണുന്ന ആളായതിനാൽ ബാക്കി തുക ആവശ്യം വരുമ്പോൾ ചോദിക്കാമല്ലോ എന്നു കരുതി.
അതിനിടയിലാണ് ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നും യുവതി പറയുന്നു. തന്നെയും റാക്കറ്റിന്റെ കുരുക്കിലാക്കുകയാണെന്ന് മനസ്സിലായപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ പൊലീസ് ഏജന്റിന് ഒപ്പമായിരുന്നെന്നും യുവതി ആരോപിച്ചു. അവയവ കച്ചവട തട്ടിപ്പിന് ഇരയായ യുവതി റാക്കറ്റിന്റെ കണ്ണിയായ ഇടനിലക്കാരനെതിരെ 2 മാസം മുൻപു സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നു. റാക്കറ്റിന്റെ വധഭീഷണി കാരണം 2 ദിവസത്തിനു ശേഷം പോസ്റ്റ് പിൻവലിക്കേണ്ടിവന്നു.
പണത്തിന് ആവശ്യമുള്ളവരുമായി പരിചയം സ്ഥാപിക്കുകയും അവയവം ദാനം ചെയ്യാൻ പ്രേരിപ്പിക്കുകയുമാണ് റാക്കറ്റിന്റെ പ്രവർത്തന രീതി. ഇര സമ്മതം മൂളിക്കഴിഞ്ഞാൽ പിന്നെ എല്ലാം വളരെ പെട്ടെന്നാണ്. വ്യാജരേഖ തയാറാക്കുന്നതുൾപ്പെടെ ഏജന്റ് ചെയ്യും. ശസ്ത്രക്രിയയ്ക്ക് അനുമതി നൽകുന്ന കമ്മിറ്റിക്കു മുൻപിൽ രോഗിയുടെ ബന്ധുവാണെന്നു പറയണം എന്നതുൾപ്പെടെയുള്ള കാര്യങ്ങളും പഠിപ്പിക്കും. ശസ്ത്രക്രിയയ്ക്കു മുൻപോ ശേഷമോ കുറച്ചു തുക നൽകും. അധികതുക അക്കൗണ്ടിലോ കയ്യിൽ വന്നാൽ അധികൃതർ പിടിക്കുമെന്നു ഭയപ്പെടുത്തിയാണ് മുഴുവൻ തുക നൽകാതെ പറ്റിക്കുന്നത്.
ഇടനിലക്കാരന്റെ ചിത്രം അടക്കം യുവതിയിട്ട പോസ്റ്റ് ഇങ്ങനെ…
‘ഇയാൾ കൊള്ളനടത്തുന്നവനാണ്. ഈ പോസ്റ്റ് ഇട്ടതിന്റെപേരിൽ എന്നെ കൊല്ലുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇയാൾ 25 ലക്ഷം രൂപ ഒരു പേഷ്യന്റിന്റെ കയ്യിൽ നിന്നു വാങ്ങിയാണു കിഡ്നി ഡൊണേറ്റ് ചെയ്യിപ്പിക്കുന്നത്. എന്നിട്ട് കിഡ്നി കൊടുക്കാൻ വരുന്നവർക്ക് എന്തെങ്കിലും കൊടുക്കും അത്രേയുള്ളു. പരാതി പറയാൻ പോയാൽ പരാതിക്കാരെ തന്നെ അകത്താക്കുമെന്നു പേടിച്ച് ആരും ഇയാൾക്കെതിരെ തുനിയില്ല. അതാണ് സത്യം. ഇനി എന്റെ അവസ്ഥ എന്താകുമെന്ന് അറിയില്ല. എന്റെ മരണത്തിന് ഉത്തരവാദി ഇവരായിരിക്കും’. യുവതിയുടെ പരാതിയിൽ അന്വേഷണം നടക്കുന്നതായി പനങ്ങാട് പൊലീസ് അറിയിച്ചു. ഏജന്റിനെതിരെ പീഡനക്കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്.
Post Your Comments