കൊച്ചി: അന്താരാഷ്ട്ര അവയവക്കച്ചവട സംഘത്തിലെ പ്രധാനി ഹൈദരാബാദിലെ ഡോക്ടറാണെന്ന് സാബിത്ത്. ഇന്ത്യയിൽ താനല്ലാതെ നിരവധി ഏജന്റുമാർ അവയവ കച്ചവട സംഘത്തിനായി പ്രവർത്തിക്കുന്നുണ്ടെന്നും സാബിത്ത് അന്വേഷണ സംഘത്തോട് വ്യക്തമാക്കി. താനടക്കമുള്ള ഇന്ത്യയിലെ ഏജന്റുമാരെ നിയന്ത്രിക്കുന്നത് ഹൈദരാബാദിലെ ഡോക്ടറാണെന്നും സാബിത്ത് മൊഴി നൽകി.
എന്നാൽ, താൻ ഇതുവരെയും ഡോക്ടറെ നേരിൽ കണ്ടിട്ടില്ലെന്നാണ് ഇയാൾ പറയുന്നത്. സാബിത്തിന്റെ മൊഴി പൂർണമായും വിശ്വാസത്തിലെടുക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.സാബിത്തിന് നാല് ബാങ്ക് അക്കൗണ്ട് ഉണ്ട്. പ്രതിയിൽ നിന്ന് നാല് പാസ്പോർട്ട് പൊലീസ് കണ്ടെത്തി.വ്യത്യസ്ത വിലാസങ്ങളിലായാണ് തൃശൂരിൽ നാല് ബാങ്ക് അക്കൗണ്ട് എടുത്തിരുന്നത്. സുഹൃത്തുക്കൾ വഴിയാണ് അവയവക്കച്ചവടത്തിന്റെ പണം സബിത്തിലേക്ക് എത്തിയിരുന്നത്. ഇവരെ ഇപ്പോൾ നിരീക്ഷിച്ച് വരികയാണ്. ഇവരെയും കസ്റ്റഡിയിലെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
സാബിത്തിനെ കസ്റ്റഡിയിൽ ലഭിച്ചശേഷമായിരിക്കുംസുഹൃത്തുക്കളെ കസ്റ്റഡിയിലെടുക്കുക. പ്രതിയുടെ കസ്റ്റഡി അപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. കേസ് എൻഐഎ ഏറ്റെടുക്കാനും സാധ്യതയുണ്ട്. കേസിനായി എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അവയവം നഷ്ടമായവരെ കണ്ടെത്താനും പോലീസ് അന്വേഷണം ആരംഭിച്ചു.
അവയവക്കടത്ത് സംഘത്തിലെ ചില തർക്കങ്ങളാണ് സംഭവം പൊലീസ് അറിയാൻ ഇടവരുത്തിയത് എന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുണ്ടെന്നും റിപ്പോർട്ടുണ്ട്. കേരളം കൂടാതെ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും അവയവദാനത്തിനായി ആളുകളെ കൊണ്ടുപോയതെന്നാണ് സൂചന. കേരളത്തിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികളെയും ഇത്തരത്തിൽ കടത്തിക്കൊണ്ടു പോയിട്ടുണ്ട്. ചിലർ ഇറാനിൽവച്ച് മരിച്ചതായും മറ്റു ചിലർ ഇനിയും തിരികെ എത്തിയിട്ടില്ല എന്നും പറയപ്പെടുന്നു. ഇതുസംബന്ധിച്ച വിവരങ്ങൾ കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ പുറത്തുവരൂ.
സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന യുവാക്കളെ ലക്ഷ്യമിട്ടാണ് അവയവക്കടത്ത് സംഘം പ്രവർത്തിച്ചിരുന്നത്. ഇവർക്ക് പണം വാഗ്ദാനം ചെയ്ത് ഇറാനിലേക്ക് കൊണ്ടുപോകും. ഇവിടെ ആദ്യം ഫ്‌ളാറ്റിൽ താമസിപ്പിക്കും. ശസ്ത്രക്രിയക്കുള്ള തീയതി തീരുമാനിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റും. ഏതാനും ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം പിന്നീട് ഫ്‌ളാറ്റിൽ 20 ദിവസം കൂടി താമസിപ്പിച്ച ശേഷമാണ് ഇരകളെ വിട്ടയക്കുക. അവയവക്കടത്ത് സംഘം ഒരു ശസ്ത്രക്രിയക്ക് വൻതുക കൈപ്പറ്റുമ്പോൾ ഇരകളായവർക്ക് ആറുലക്ഷം രൂപ വരെ മാത്രമാണ് നൽകിയിരുന്നത്.
അവയവം ആവശ്യമുള്ളവരെ കണ്ടെത്തി വലിയ തുക കൈപ്പറ്റിയ ശേഷം ദാതാക്കളെ ഇന്ത്യയിൽനിന്നെത്തിക്കുന്ന രീതിയാണ് സംഘം പിന്തുടർന്നിരുന്നതെന്നാണ് വിവരം. വൃക്കദാനമാണ് കൂടുതലും നടത്തിയിരുന്നത്. വൃക്ക, കരൾ തുടങ്ങിയവയാണ് പ്രധാനമായും കച്ചവടം നടത്തിയത്. വൻതുക വാഗ്ദാനം നൽകിയാണ് ഇരകളെ ഇറാനിൽ എത്തിച്ചിരുന്നത്. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) ഉൾപ്പെടെ കേസ് നിരീക്ഷിക്കുന്നുണ്ട്.
Post Your Comments