കൊച്ചി: കൊച്ചി അവയവ കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികളും. കേസിൽ പിടിയിലായ പ്രതി സാബിത്ത് നാസറിന് രാജ്യാന്തര അവയവ മാഫിയ സംഘങ്ങളുമായുള്ള ബന്ധത്തെ കുറിച്ചാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നത്. സബിത് നാസറിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ അന്വേഷണ സംഘം ഇന്ന് പൂർത്തിയാക്കും.
അതിനിടെ പ്രതി സാബിത്ത് നാസര്‍ തിരുനെല്ലായി സ്വദേശി ഷമീറിനെ ഇറാനിലേക്ക് കടത്തിയെന്ന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഷമീറിനെ തിരഞ്ഞ് പൊലീസ് പാലക്കാട്ടെ വീട്ടിലെത്തിയത്. എന്നാൽ ഷമീറും കുടുംബവും ഇവിടെ നിന്ന് താമസം മാറി പോയെന്നാണ് കിട്ടിയ വിവരം. അവയവ മാഫിയയുടെ കെണിയിൽ പെട്ടിരിക്കാമെന്ന സാധ്യതയാണ് പ്രദേശവാസികളും പങ്കുവെക്കുന്നത്.
അവയവ കടത്ത് ഇരകളിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കളാണെന്നും പ്രതി സാബിത്ത് നാസര്‍ പൊലീസിനോട് സമ്മതിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് 2019 മുതൽ അവയവക്കടത്തിന് ഇറാനിലേക്ക് പ്രതി സാബിത്ത് നാസര്‍ അടങ്ങുന്ന സംഘം ആളെ എത്തിച്ചിരുന്നു. ഇതിൽ 19പേരും ഉത്തരേന്ത്യക്കാരാണ്.
വൃക്ക നൽകാൻ തയ്യാറായി 2019ൽ ഹൈദാരാബദിലെത്തിയതായിരുന്നു സാബിത്ത് നാസർ. എന്നാൽ ആ നീക്കം പാളിയിരുന്നു. പക്ഷെ അവയവ മാഫിയ സംഘങ്ങളുമായി ഇയാൾ ബന്ധമുറപ്പിച്ചു. പിന്നീട് ശ്രീലങ്കയിലും, കുവൈറ്റിലും അവിടെ നിന്ന് ഇറാനിലും വ്യാപിച്ച് കിടക്കുന്ന രാജ്യാന്തര അവയവ മാഫിയ സംഘത്തിലെ മുഖ്യകണ്ണിയായി ഇയാൾ മാറി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സ്വാധീനിച്ച് വ്യാജ പാസ്പോർട്ടും ആധാർ കാർഡും ഉൾപ്പടെ സംഘടിപ്പിച്ചായിരുന്നു പ്രതിയുടെ ഇടപാടുകളെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഇറാനിലെ സ്വകാര്യ ആശുപത്രികളിലാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. സംഘത്തിലെ മറ്റ് ഏജന്‍റുമാർ വഴി അവയവം ആവശ്യമുള്ളവരെ ബന്ധപ്പെടും. ഇവരോട് ഫുൾ പാക്കേജായി 60ലക്ഷം രൂപയ്ക്ക് മുകളിലാണ് ആവശ്യപ്പെടുക. വൃക്ക നൽകുന്നവര്‍ക്ക് ടിക്കറ്റ്, താമസം മുതൽ ചികിത്സാ ചിലവും പ്രതിഫലമായി പരമാവധി 6 ലക്ഷം രൂപ വരെയും നൽകും. വൻതുക ആശുപത്രിയിൽ ചിലവായെന്ന് തെറ്റിദ്ധരിപ്പിച്ച് ബാക്കി തുക മുഴുവൻ ഏജന്‍റിന്‍റെ പോക്കറ്റിലാക്കുകയുമായിരുന്നു പതിവ്.
എത്ര പേരെ ഇയാൾ അവയവ കൈമാറ്റത്തിനായി സമീപിച്ചു, ഇവരുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ, ഇവരുടെ ആരോഗ്യസ്ഥിതി, ഇതിൽ എത്ര പേർ മടങ്ങി വരാനുണ്ട് എന്നീ കാര്യങ്ങളിലാണ് അന്വേഷണം. ഇരകളായവരെ കണ്ടെത്തി പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയാണ് ആദ്യ നടപടി. പ്രതിയുടെ ചാവക്കാട് സ്വദേശിയായ പങ്കാളിക്കായുള്ള തെരച്ചിലാണ് അന്വേഷണ സംഘം.
കൊച്ചിയിലുള്ള മറ്റൊരു സുഹൃത്തിൽ നിന്നും മൊഴിയെടുത്തു. രാജ്യാന്തര മാഫിയ സംഘങ്ങളുടെ സാന്നിദ്ധ്യമുള്ള കേസിൽ എൻഐഎ ഉൾപ്പടെ കേന്ദ്ര അന്വേഷണ ഏജൻസികളും വിവരശേഖരണം തുടരുകയാണ്. കൂടുതൽ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമെന്ന തെളിവ് കിട്ടിയാൽ കേന്ദ്ര ഏജൻസികൾ കേസ് ഏറ്റെടുക്കാനും സാധ്യതയുണ്ട്.
Post Your Comments