KeralaLatest News

കൊലപാതകം ആസൂത്രണം ചെയ്തത് അഞ്ചാം പാതിര സിനിമ കണ്ട്: വിഷ്ണുപ്രിയ കൊലക്കേസിൽ വിധി കേട്ട് കൂസലില്ലാതെ ശ്യാം ജിത്ത്

കണ്ണൂർ: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ആയിരുന്നു വിഷ്ണുപ്രിയയ്ക്ക് സ്വന്തം ജീവൻ നഷ്ടമായത്. പ്രതിയായ ശ്യാംജിത്തിന്‌ ജീവപര്യന്തം ശിക്ഷ വിധിയ്ക്കുമ്പോൾ വിധി തൃപ്തികരമെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. കൊവിഡ് കാലത്ത് സഹോദരിയുടെ സഹപാഠിയുമായി പ്രണയത്തിലാകുമ്പോൾ ഒരുപക്ഷെ വിഷ്ണുപ്രിയ കരുതിക്കാണില്ല ആ ബന്ധം തന്റെ ജീവനെടുക്കുമെന്ന്.

പ്രണയം നിരസിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സഹോദരിയുടെ സഹപാഠി ആയിരുന്നു പ്രതി ശ്യാംജിത്ത്. ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട് സഹോദരിയുടെ ഫോണിലേക്ക് വന്ന വിളിയിലൂടെയാണ് ഇരുവരും അടുത്തത്. സൗഹൃദം പ്രണയത്തിലെത്തി അധികം വൈകാതെ ബന്ധത്തിൽ അസ്വാരസ്യങ്ങളായി. ശ്യാംജിത്തിന്റെ സംശയവും സ്വാർഥതയും വില്ലനായതോടെ ബന്ധം ഉപേക്ഷിക്കാൻ വിഷ്ണുപ്രിയ തീരുമാനിച്ചു. പലതവണ ഇക്കാര്യം പറഞ്ഞെങ്കിലും ബന്ധം അവസാനിപ്പിക്കാൻ ശ്യാംജിത്ത് തയ്യാറായില്ല.

ഇതിന് പിന്നാലെയാണ് വയനാട്ടിലേക്കുള്ള വിനോദയാത്രക്കിടെ വിഷ്ണുപ്രിയ ഫോട്ടോ​ഗ്രാഫറായ പൊന്നാനി സ്വദേശിയെ പരിചയപ്പെടുന്നത്. ഇവർ പിന്നീട് പ്രണയത്തിലായി. ഇതറിഞ്ഞ ശ്യാംജിത്ത് ഭീഷണിയുമായി രം​ഗത്തെത്തി. വിഷ്ണുപ്രിയയെയും ആൺസുഹൃത്തിനെയും നേരിൽക്കണ്ട് ബന്ധം പിരിയാൻ‌ സമ്മർദ്ദം ചെലുത്തി. എന്നാൽ, പ്രണയം അവസാനിപ്പിക്കില്ലെന്ന് ഇരുവരും നിലപാടെടുത്തതോടെ ശ്യാംജിത്തിന്റെ പക വർധിച്ചു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.

2022 ഒക്ടോബർ രണ്ട്. കണ്ണൂർ പാനൂരിലെ വീട്ടിൽ ആൺസുഹൃത്തിനെ വീഡിയോകോൾ ചെയ്തിരിക്കുകയായിരുന്നു വിഷ്ണുപ്രിയ. അപ്പോഴാണ് ശ്യാംജിത്ത് അവിടേക്ക് കയറിച്ചെന്നത്. ശ്യാം ചേട്ടൻ വന്നിട്ടുണ്ട്, എന്തെങ്കിലും ചെയ്യും എന്ന് വിഷ്ണുപ്രിയ ആൺസുഹൃത്തിനോട് പറഞ്ഞു. 17 സെക്കന്റ് ആൺസുഹൃത്ത് ശ്യാംജിത്തിനെ കോളിലൂടെ കണ്ടിരുന്നു. ഇതാണ് കേസിലും നിർണായകമായത്. കയ്യിൽ കരുതിയ ചുറ്റിക കൊണ്ട് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ തലയ്ക്കടിച്ചു. കൈകാലുകളിലെയും കഴുത്തിലെയും ഞരമ്പ് മുറിച്ചു. നെഞ്ചിലും മറ്റും കുത്തി പരുക്കേൽപ്പിച്ചു. 26 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. ആൺ‌സുഹൃത്ത് ഇതിനോടകം തന്നെ ശ്യാം വീട്ടിലെത്തിയ കാര്യം പരിചയത്തിലുള്ള പൊലീസുകാരനെ അറിയിച്ചിരുന്നു. വിവരമറിഞ്ഞ് ആളുകളെത്തുമ്പോഴേക്കും വിഷ്ണുപ്രിയ കൊല്ലപ്പെട്ടിരുന്നു.

പ്രതിയുടെ ഫോൺ‌നമ്പർ ഉപയോ​ഗിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി കൂത്തുപറമ്പിനടത്ത് മാനന്തേരി എന്ന പ്രദേശത്താണ് ഉള്ളതെന്ന് പൊലീസിനു വ്യക്തമായി. പൊലീസ് എത്തുമ്പോൾ അച്ഛന്റെ ഹോട്ടലിൽ സഹായിയായി നിൽക്കുകയായിരുന്നു പ്രതി. യാതൊരു ഭാവവ്യത്യാസങ്ങളും പ്രതിക്കുണ്ടായിരുന്നില്ല. ആദ്യം കുറ്റം നിഷേധിച്ച പ്രതി പിന്നീട് താൻ കൃത്യം ചെയ്തെന്ന് സമ്മതിച്ചു. കൃത്യത്തിനുപയോഗിച്ച ആുധങ്ങള്‍ പിറ്റേന്ന് കുളത്തിൽ നിന്ന് കണ്ടെത്തി. കൊല നടത്തിയ ശേഷം വീട്ടിലെത്തിയ പ്രതി കുളിച്ചു വൃത്തിയാവുകയും കൊലപാതകത്തിനുപയോഗിച്ച സാധനങ്ങൾ തൊട്ടടുത്ത കുളത്തിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

കണ്ടെടുത്ത വസ്തുക്കളില്‍ മനുഷ്യരക്തത്തിന്റെ അവശിഷ്ടമുണ്ടായിരുന്നു. പ്രതി കടയിൽ നിന്ന് ചുറ്റിക വാങ്ങുന്നതിന്റെയും പാനൂർ ടൗണിലെത്തിയതിന്റെയും പെൺകുട്ടിയുടെ വീട്ടിലെത്തിയതിന്റെയും സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. പെൺകുട്ടിയുടെ വീട്ടിൽ യുവാവ് വന്നു പോയത് മൂന്നു പേർ കണ്ടിരുന്നു. വീഡിയോ കോളിൽ ആൺസുഹൃത്തിന് ലഭിച്ച വിവരങ്ങളും നിർണായകമായി. ദൃക്സാക്ഷിയില്ലാത്ത കേസാണ് പൊലീസ് തെളിയിച്ചത്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഫോൺകോൾ റെക്കോർഡുകളും ഉപയോഗിച്ച് 34 ദിവസത്തിനകം പാനൂർ സിഐ എം പി ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു.

കൊലപാതകം ആസൂത്രണം ചെയ്തത് അഞ്ചാം പാതിര സിനിമ കണ്ടാണെന്ന് ശ്യാംജിത്ത് പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. അഞ്ചാംപാതിരയിലെ കൊലപാതകിയുടേതിന് സമാനമായ വേഷത്തിലാണ് ശ്യാംജിത്ത് കൃത്യം നടത്താൻ വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. സിനിമ കണ്ടത് ആസൂത്രണത്തിന് സഹായകമായെന്ന മൊഴി വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചാലും തനിക്കൊന്നുമില്ലെന്നും കൃത്യത്തിൽ കുറ്റബോധമില്ലെന്നും പ്രതി പറഞ്ഞതും വാർത്തയായിരുന്നു. വിഷ്ണുപ്രിയ അർഹിക്കുന്ന ശിക്ഷയാണ് താൻ നൽകിയതെന്നായിരുന്നു അന്ന് മാധ്യമങ്ങൾക്കു മുമ്പിൽ പ്രതിയുടെ നിലപാട്.

തനിക്ക് ഇപ്പോൾ 25 വയസാണെന്നും ജീവപര്യന്തം ശിക്ഷ കഴിഞ്ഞിറങ്ങുമ്പോൾ 39 വയസേ ആകൂ എന്നുമാണ് ഒരു കൂസലുമില്ലാതെ ശ്യാംജിത്ത് അന്ന് പ്രതികരിച്ചത്. എന്നാൽ, എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ശ്യാംജിത്ത് മൗനം പാലിക്കുകയാണ് ചെയ്തത്. ഐപിസി 449, 302 വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനെന്ന് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി.മൃദുല കണ്ടെത്തി. 2022 ഒക്ടോബർ 22ന് രാവിലെയാണ് വിഷ്ണുപ്രിയ കൊല്ലപ്പെടുന്നത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ, ശാസ്ത്രീയ തെളിവുകളാണ് നിർണായകമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button