KeralaLatest NewsIndia

ബാങ്കുകൾ ജപ്തിചെയ്ത വസ്തുവകകൾ ഉടമയ്ക്ക് തന്നെ സ്വന്തമാക്കാൻ അവസരം, വായ്പത്തുക ഗഡുക്കളായി തിരിച്ചടയ്ക്കാനും സാധിക്കും

തിരുവനന്തപുരം: ബാങ്കുകൾ ജപ്തിചെയ്ത വസ്തുവകകൾ ഉടമയ്ക്ക് തന്നെ സ്വന്തമാക്കാൻ അവസരമൊരുങ്ങുന്നു. കേരള റവന്യൂ റിക്കവറി നിയമം ഭേദ​ഗതി ചെയ്യാനാണ് സർക്കാർ നീക്കം. ഭേ​ദ​ഗതി നിയമം പ്രാബല്യത്തിൽ വരുന്നതോടെ നിശ്ചിത കാലയളവിനുള്ളിൽ ബാധ്യതതീർത്ത് അപേക്ഷ നൽകിയാൽ ബാങ്ക് ജപ്തി ചെയ്ത വസ്തു വകകൾ ഉടമയ്ക്ക് തന്നെ തിരികെ ലഭിക്കും. വായ്പത്തുക ഗഡുക്കളായി തിരിച്ചടച്ച് ജപ്തി നടപടികൾ ഒഴിവാക്കുന്നതിന് സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകളും പുതിയ നിയമത്തിൽ ഉൾപ്പെടുത്തും.

ബാങ്കുകൾ ജപ്തിനടപടിയിലൂടെ ഏറ്റെടുക്കുന്ന വസ്തുക്കൾ ലേലംചെയ്യുകയാണ് പതിവ്. ലേലത്തിൽ വാങ്ങാൻ ആളില്ലെങ്കിൽ നാമമാത്രമായ തുകനൽകി ഭൂമി സർക്കാരിൽ നിക്ഷിപ്തമാക്കും. ഇങ്ങനെ സർക്കാർ ഏറ്റെടുക്കുന്ന ഭൂമി നിശ്ചിത കാലയളവ് കഴിഞ്ഞാൽ മാത്രമേ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകൂവെന്നാണ് ഭേദഗതി കൊണ്ടുവരുക.ഈ കാലയളവിനുള്ളിൽ ബാധ്യതതീർത്ത് അപേക്ഷ നൽകിയാൽ ഉടമയ്ക്ക് വസ്തു തിരികെലഭിക്കും.

ബാങ്കുകൾ ഏറ്റെടുക്കുന്ന ഭൂമിക്കും ഇത്തരത്തിൽ നിശ്ചിത കാലയളവ് വിൽപ്പനവിലക്ക് ഏർപ്പെടുത്തും. ബാധ്യത തീർക്കുന്ന വായ്പക്കാർ നിശ്ചിത കാലാവധിക്കകം ആവശ്യപ്പെട്ടാൽ തിരികെ നൽകുന്നതിനായാണിത്. നിലവിൽ സർക്കാർ ഏറ്റെടുത്തിട്ടുള്ള ഇത്തരം ഭൂമിക്ക് 20 വർഷംവരെ കഴിഞ്ഞും അവകാശികൾ എത്താറുണ്ട്. അപേക്ഷ നൽകാൻ കാലപരിധി നിശ്ചയിക്കുന്നതോടെ ഇത്തരം തലവേദനകൾ ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്.

വായ്പത്തുക 10 ഗഡുക്കളായി തിരിച്ചടയ്ക്കാമെന്ന് നേരത്തേ സർക്കാർ ഉത്തരവിറക്കിയിരുന്നു. പല ബാങ്കുകളും ഇത് പാലിക്കുന്നുമുണ്ടായിരുന്നു. എന്നാൽ, ജപ്തിനടപടി നീട്ടിവെക്കാൻ നിർദേശിച്ച് റവന്യു, ധനമന്ത്രിമാർ നൽകിയ ഉത്തരവിനെ ഒരു സ്വകാര്യ ബാങ്ക് ഹൈക്കോടതിയിൽ ചോദ്യം ചെയ്തു.

ഇല്ലാത്ത നിയമത്തിന്റെപേരിൽ ജപ്തിനടപടി ഒഴിവാക്കാൻ ഇടപെടരുതെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ നിയമം നിർമിക്കാനും കോടതി നിർദേശിച്ചു. ഇതേത്തുടർന്ന് ദേശസാത്‌കൃത, സ്വകാര്യ ബാങ്കുകളുടെ ജപ്തിനടപടിയിൽ ഒരുവർഷത്തോളമായി സർക്കാർ ഇടപെടുന്നില്ല. സഹകരണ ബാങ്കുകളുടെ നടപടിമാത്രമാണ് സർക്കാർ ഇടപെട്ട് നിർത്തിവെച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button