പെരുമ്പാവൂർ: നാല്പതോളം രോഗികള്‍ക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി വൈദ്യുതി വകുപ്പ്. യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള അല്ലപ്ര കൊയ്നോണിയ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലാണ് സംഭവം. രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ഡയാലിസിസ് നടത്തുന്നതിനിടെ വ്യാഴാഴ്ച രാവിലെ 8.30-ഓടെയാണ് കെ.എസ്.ഇ.ബി. ലൈൻമാനെത്തി ഫ്യൂസ് ഊരിയത്.
30,000 രൂപയോളമാണ് കൊയ്നോണിയ സെന്ററിലെ വൈദ്യുതി ബില്‍. മേയ് ഒന്നിന് ബില്‍ തുകയ്ക്കുള്ള ചെക്കുമായി കൊയ്നോണിയയിലെ ജീവനക്കാരൻ വൈദ്യുതി ഓഫീസിലെത്തിയെങ്കിലും അവധിയായതിനാല്‍ അടുത്ത ദിവസം അടച്ചാല്‍ മതി എന്നുപറഞ്ഞ് മടക്കിയെന്നും പിറ്റേന്ന് ഓഫീസ് തുറക്കുന്നതിനു മുൻപുതന്നെ ലൈൻമാനെത്തി ഫ്യൂസ് ഊരുകയായിരുന്നുവെന്നും ആക്ഷേപമുണ്ട് .
കൊയ്നോണിയ അധികൃതരും രോഗികളുടെ ബന്ധുക്കളും വെങ്ങോല കെ.എസ്.ഇ.ബി. ഓഫീസില്‍ ബന്ധപ്പെട്ടെങ്കിലും ബില്‍ തുക അടയ്ക്കാതെ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നായിരുന്നു കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ നിലപാട്. വ്യാപകമായി പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു.
Post Your Comments