Latest NewsIndia

പെൻഡ്രൈവ് ബിജെപി നേതാവിന് കൈമാറിയ മുൻ ഡ്രൈവറെ കാണാനില്ല, ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയുടെ കേസിൽ വൻ ട്വിസ്റ്റ്

ബെംഗളൂരു: ഹാസന്‍ എം.പി. പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികവീഡിയോകളടങ്ങിയ പെന്‍ഡ്രൈവ് കൈമാറിയ മുന്‍ ഡ്രൈവര്‍ അപ്രത്യക്ഷനായെന്ന് റിപ്പോര്‍ട്ട്. പ്രജ്വല്‍ രേവണ്ണയുടെയും കുടുംബത്തിന്റെയും മുന്‍ ഡ്രൈവറായ കാര്‍ത്തിക്കിനെയാണ് വ്യാഴാഴ്ച മുതല്‍ കാണാതായത്. പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കാര്‍ത്തിക്കിനെ കാണാതായതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

കാര്‍ത്തിക്ക് വഴിയാണ് പ്രജ്വല്‍ രേവണ്ണയുടെ മൂവായിരത്തോളം ലൈംഗികവീഡിയോകള്‍ പുറത്തെത്തിയതെന്ന് കരുതുന്നത്. വീഡിയോകളടങ്ങിയ പെന്‍ഡ്രൈവ് ബി.ജെ.പി. നേതാവായ ദേവരാജ ഗൗഡയ്ക്ക് മാത്രമാണ് കൈമാറിയതെന്ന് കാര്‍ത്തിക്കും കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പെന്‍ഡ്രൈവ് നല്‍കിയിട്ടില്ലെന്നും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി തന്റെ കൈയിലുള്ള തെളിവുകള്‍ കൈമാറുമെന്നുമായിരുന്നു കാര്‍ത്തിക്കിന്റെ അവകാശവാദം.

എന്നാല്‍, അന്വേഷണസംഘം നോട്ടീസ് നല്‍കിയതിന് പിന്നാലെ കാര്‍ത്തിക്ക് അപ്രത്യക്ഷനായെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പ്രജ്വല്‍ രേവണ്ണയുടെ കുടുംബത്തിനൊപ്പം 13 വര്‍ഷത്തോളമാണ് കാര്‍ത്തിക്ക് ഡ്രൈവറായി ജോലിചെയ്തിരുന്നത്. ഒരുവര്‍ഷം മുമ്പ് വസ്തു ഇടപാട് സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് ജോലിയില്‍നിന്ന് പുറത്തായി. തന്റെ പേരിലുള്ള ഭൂമി തന്നെ ഭീഷണിപ്പെടുത്തി രേവണ്ണ കുടുംബം കൈക്കലാക്കിയെന്നായിരുന്നു കാര്‍ത്തിക്കിന്റെ ആരോപണം.

അതേസമയം, സ്വാധീനമുള്ള ചില രാഷ്ട്രീയനേതാക്കളാണ് മുന്‍ ഡ്രൈവറുടെ തിരോധാനത്തിന് പിന്നിലെന്ന് ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ.ശിവകുമാറിനെ ഉന്നംവെച്ചായിരുന്നു കുമാരസ്വാമിയുടെ ആരോപണം.

കാര്‍ത്തിക്കിനെ മലേഷ്യയിലേക്ക് അയച്ചത് ആരാണെന്നും അദ്ദേഹം കേന്ദ്രസര്‍ക്കാരില്‍നിന്ന് വിവരങ്ങള്‍ ലഭ്യമാക്കട്ടെ. രേവണ്ണയുടെ മുന്‍ഡ്രൈവറെ വിദേശത്തേക്ക് അയക്കാന്‍ തനിക്ക് ഭ്രാന്തൊന്നും ഇല്ല. ആളുകളെ ഒളിപ്പിച്ചുള്ള രാഷ്ട്രീയപ്രവര്‍ത്തനം നടത്തേണ്ട ആവശ്യവുമില്ല. അതിന്റെ ആവശ്യം അവര്‍ക്കാണെന്നും ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, ലൈംഗിക പീഡനക്കേസില്‍ പ്രതിയായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരേ പ്രത്യേക അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ചോദ്യംചെയ്യലിനായി കഴിഞ്ഞദിവസം സമന്‍സ് അയച്ചിരുന്നെങ്കിലും ഇപ്പോള്‍ ഹാജരാകാന്‍ കഴിയില്ലെന്നായിരുന്നു അഭിഭാഷകന്‍ മുഖേന പ്രജ്വല്‍ അന്വേഷണസംഘത്തെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button