തൃശ്ശൂർ: പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി നാടുവിട്ട പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. മയൂർ നാഥിനെ നേപ്പാളിലെ ഉൾഗ്രാമത്തിൽ കുളത്തിൽ വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇയാൾ കടലക്കറിയിൽ വിഷം കലർത്തി ആണ് പിതാവിനെ കൊലപ്പെടുത്തിയത്. അമ്മയെ കൊന്നതിന് പ്രതികാരമായാണ് സ്വന്തം പിതാവിനെ ആയുർവേദ ഡോക്ടർ കൂടിയായ മകൻ കൊലപ്പെടുത്തിയത്.
നേപ്പാളിലെത്തി സന്യാസം സ്വീകരിക്കാനായിരുന്നു മയൂർനാഥിന്റെ തീരുമാനം. കഴിഞ്ഞവർഷം ഏപ്രിലാണ് പിതാവിന് കടലക്കറിയിൽ വിഷം കലർത്തി മയൂർനാഥ് കൊലപ്പെടുത്തിയത്. ജാമ്യത്തിൽ ഇറങ്ങി കാണാതായ മയൂർനാഥിന് വേണ്ടി തൃശ്ശൂർ മെഡിക്കൽ കോളജ് പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. മയൂർനാഥിന്റെ മൃതദേഹം നേപ്പാളിൽ തന്നെ അടക്കം ചെയ്തു.
വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ഇതേത്തുടർന്ന് ശശീന്ദ്രൻ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. വീട്ടിലുണ്ടാക്കിയ ഭക്ഷണം മയൂർനാഥ് മാത്രം കഴിയ്ക്കാത്തത് എന്തുകൊണ്ടാണെന്ന സംശയം കേസിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഉയർന്നിരുന്നു. ശശീന്ദ്രന്റെ ആദ്യ ഭാര്യയിലെ മകനാണ് മയൂർനാഥ്.
25 വയസുകാരനായ മയൂർനാഥ് ആയുർവേദ ഡോക്ടറുമാണ്. സ്വത്ത് ആവശ്യപ്പെട്ട് ഇയാളും പിതാവുമായി തർക്കങ്ങൾ നിലനിന്നിരുന്നു. സ്വത്തിനുവേണ്ടിയാണ് ഇയാൾ അച്ഛനും അമ്മയ്ക്കും ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. രാസവസ്തുക്കൾ ഓൺലൈനായി വാങ്ങി അവ കൂട്ടിക്കലർത്തി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയായിരുന്നു.
തന്റെ അമ്മ ആത്മഹത്യ ചെയ്യാൻ അച്ഛനാണ് കാരണമെന്ന് വിശ്വസിച്ചിരുന്നെന്നും കാലങ്ങളായി താൻ ഈ പക ഉള്ളിൽ പേറുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. ഏറെ നാളത്തെ ആലോചനകൾക്കൊടുവിലാണ് അച്ഛനെ കൊലപ്പെടുത്താനുള്ള രാസക്കൂട്ട് തയാറാക്കിയതെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കി.
തന്റെ അമ്മയെ വേണ്ട വിധം അച്ഛൻ സംരക്ഷിച്ചില്ലെന്നാണ് മയൂർനാഥ് പൊലീസിന് മൊഴി നൽകിയത്. ഇതിൽ കാലങ്ങളായി തനിക്ക് പിതാവിനോട് പകയുണ്ടായിരുന്നു. പിതാവിനോട് മാത്രമായിരുന്നു തന്റെ പക. രണ്ടാനമ്മയോട് സ്‌നേഹമോ വിദ്വേഷമോ ഇല്ലെന്നും ഇയാൾ പൊലീസിന് മൊഴി നൽകി.
Post Your Comments