Latest NewsKerala

വീട്ടിലെ വോട്ടിൽ വീണ്ടും കള്ളവോട്ട്: കണ്ണൂരിൽ യുഡിഎഫ് ആൾമാറാട്ടം നടത്തി വോട്ട് ചെയ്‌തെന്ന് എൽഡിഎഫ്

കണ്ണൂര്‍: വീട്ടിൽ വോട്ട് ചെയ്യാനുള്ള സൗകര്യത്തിൽ വീണ്ടും കള്ളവോട്ട് ചെയ്‌തെന്ന് പരാതി. കണ്ണൂരിലാണ് സംഭവം. 85 വയസിന് മുകളിലുള്ള അവശരായ മൂന്ന് മുതിർന്ന പൗരന്മാർക്ക് വീട്ടിൽ വച്ച് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം യുഡിഎഫ് ദുർവിനിയോഗം ചെയ്‌തെന്നാണ് പരാതി. വോട്ട് ചെയ്യുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍ ചെയ്തതായാണ് പരാതി.

70-ാം ബൂത്തിലെ 1420-ാം നമ്പർ പേരുകാരിയായ 86 വയസ്സുള്ള കമലാക്ഷിയുടെ വോട്ട് ഇതേ ബൂത്തിലെ 1148-ാം നമ്പർ വോട്ടറായ വി കമലാക്ഷി എന്നയാള്‍ രേഖപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ആള്‍മാറാട്ടം ആരോപിച്ചാണ് എല്‍ഡിഎഫ് രംഗത്തെത്തിയിരിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തക കൂടിയായ ബൂത്ത് ലെവല്‍ ഓഫീസര്‍ ഗീത രാഷ്ട്രീയതാല്‍പ്പര്യം വെച്ച് ആള്‍മാറാട്ടത്തിലൂടെ വ്യാജ വോട്ടറായ വി കമലാക്ഷിയെക്കൊണ്ട് വ്യാജവോട്ട് ചെയ്യിപ്പിച്ചുവെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു.

യുഡിഎഫ് അനുഭാവികളായ ബിഎല്‍ഒമാരെ ഉപയോഗപ്പെടുത്തി ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കുത്സിത മാര്‍ഗ്ഗത്തിലൂടെ കള്ളവോട്ട് ചെയ്യാനുള്ള യുഡിഎഫ് നീക്കം തിരഞ്ഞെടുപ്പ് അട്ടിമറിയാണെന്നും എല്‍ഡിഎഫ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

കല്ല്യാശ്ശേരിക്ക് പിന്നാലെയാണ് കണ്ണൂരിലും കള്ളവോട്ട് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജില്ലയില്‍ 92 കാരിയുടെ വോട്ട് സിപിഐഎം നേതാവ് രേഖപ്പെടുത്തിയെന്നായിരുന്നു പരാതി. കല്ല്യാശ്ശേരി സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

വരണാധികാരി കൂടിയായ കളക്ടര്‍ ഇടപെട്ട് സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സര്‍വര്‍, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിനും വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മണ്ഡലം ഉപ വരണാധികാരി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button