എടത്വ: കൊയ്‌തെടുത്ത് പാടത്ത് കൂട്ടിയിട്ട നെല്ല് വെള്ളം കയറ്റി മുക്കി സാമൂഹ്യവിരുദ്ധർ. എടത്വ കൃഷിഭവൻ പരിധിയിൽ വരുന്ന നെടുമലൈ പാടത്ത് കൊയ്‌തെടുത്ത് വയലിൽ കൂട്ടിയിട്ട നെല്ലാണ് തൂമ്പ് തുറന്നുവിട്ട് വെള്ളം കയറ്റി മുക്കിയത്. കർഷകരായ പഴമാലി ബിന്നിയുടെയും പറത്തറ ജോസിയുടെയും നെല്ലാണ് വെള്ളത്തിലായത്.
വെള്ളിയാഴ്ച കൊയ്ത്ത് കഴിഞ്ഞ് വയലിൽ കൂട്ടിയിട്ട് മടങ്ങിയ കർഷകർ ഇന്നലെ രാവിലെ പാടത്ത് എത്തിയപ്പോഴാണ് നെല്ല് വെള്ളത്തിൽ മുങ്ങിയതായി ശ്രദ്ധയിൽ പെട്ടത്. കൂട്ടിയിട്ട നെല്ലിന്‍റെ അടിഭാഗം പൂർണ്ണമായി വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. നെൽകൂനയിൽ വെള്ളം കയറിയതോടെ സംഭരണവും തടസ്സപ്പെട്ടു. കർഷകർ കൃഷി ഓഫീസറെ അറിയിച്ചു. പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് കർഷകർ.
കഴിഞ്ഞ ദിവസം സമാന സംഭവം തലവടി കൃഷിഭവൻ പരിധിയിലെ ആനകിടാവിരുത്തി പാടത്ത് സംഭവിച്ചിരുന്നു. വിളവെടുപ്പ് നടക്കാനിരുന്ന ദിവസമാണ് തൂമ്പ് തുറന്ന് വെള്ളം കയറ്റി മുക്കിയത്. ഇതിനെതിരെ കർഷകനായ തലവടി ആനപ്രമ്പാൽ അഞ്ചിൽ പോൾ മാത്യു എടത്വ പോലീസിൽ പരാതി നൽകിയിരുന്നു.
Post Your Comments