ന്യൂഡല്‍ഹി: അമേഠി, റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷമെന്ന സൂചനയുമായി എഐസിസി വൃത്തങ്ങള്‍. സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണത്തിന് മതിയായ സമയം കിട്ടുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത് അഞ്ചാം ഘട്ടത്തിലാണ്. രാഹുലിനെ അമേഠിയിലോ റായ്ബറേലിയിലോ മത്സരിപ്പിക്കാന്‍ ആലോചനയുണ്ട്. അങ്ങനെയെങ്കില്‍ രാഹുലിന്റെ രണ്ടാം മണ്ഡലത്തിലെ മത്സരം ചര്‍ച്ചയാകാതിരിക്കാനുള്ള നീക്കമാണ് ഇതെന്ന് സൂചന.
Read Also: യുദ്ധവുമായി ബന്ധപ്പെട്ട് കിമ്മിന്റെ വാക്കുകള്‍, ആശങ്കയില്‍ ലോകം
അതേസമയം റോബര്‍ട്ട് വദ്ര അമേഠിയില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പിസിസി അറിയിച്ചു.
രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ആരെങ്കിലും ഒരാള്‍ നെഹ്റു കുടുംബത്തില്‍ നിന്ന് യുപിയില്‍ മത്സരിക്കുമെന്ന് എകെ ആന്റണി പറഞ്ഞിരുന്നു. അമേഠിയിലെയും റായ്ബറേലിയിലെയും കോണ്‍ഗ്രസ് തീരുമാനത്തിനായി കാത്തിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രക്ക് ശേഷം ഇപ്പോള്‍ രാജ്യത്തുള്ളത് പുതിയ രാഹുലാണ്. എല്ലാ പ്രതിപക്ഷ കക്ഷികള്‍ക്കും സ്വീകാര്യനായ വ്യക്തിയാണ് അദ്ദേഹം. റോബര്‍ട്ട് വാദ്ര ആയിരിക്കില്ല യുപിയില്‍ മത്സരിക്കുക. അത് രാഹുലോ പ്രിയങ്കയോ തന്നെയായിരിക്കും. രാഹുല്‍ കേരളത്തിന്റെ മകനാണെന്നും ആന്റണി പറഞ്ഞു.
എന്നാല്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചതായി റോബര്‍ട്ട് വാദ്ര നേരത്തെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
Post Your Comments