IndiaInternational

ഈ ദിവസം വാങ്ങിയാൽ 5ജി സ്മാർട്ട്ഫോണിനൊപ്പം 4000 രൂപയുടെ പവര്‍ ബാങ്ക് സൗജന്യം

പ്രമുഖ ചൈനസ് സ്മാർട്ട്ഫോണ്‍ ബ്രാൻഡായ ഇൻഫിനിക്സ് തങ്ങളുടെ ഏറ്റവും പുതിയ നോട്ട് 40 സീരീസ് സ്‌മാർട്ട്‌ഫോണുകള്‍ ഏപ്രില്‍ 12-ന് ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ലോഞ്ച് തീയതി അ‌ടക്കം കമ്പനി ഇതിനകം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ലോഞ്ചിന് മുന്നോടിയായി ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഒരു കിടിലൻ ഡീലും കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു. ഏകദേശം 25000 രൂപയില്‍ താഴെ വിലയിലാകും ഇൻഫിനിക്സ് നോട്ട് 40 പ്രോ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആഗോളതലത്തില്‍ ലോഞ്ച് ചെയ്തപ്പോള്‍ ഇൻഫിനിക്സ് നോട്ട് 40 Pro+ 5Gക്ക് 309 ഡോളറും (ഏകദേശം 25,620 രൂപ.), നോട്ട് 40 പ്രോ 5ജിക്ക് 289 ഡോളറും (ഏകദേശം 23,960 രൂപ) ആയിരുന്നു വില. ആഗോള തലത്തില്‍ ലോഞ്ച് ചെയ്ത ഇൻഫിനിക്സ് നോട്ട് 40 സീരീസിലെ 5ജി മോഡലുകള്‍ ഉള്‍പ്പെടുത്തിയുള്ള ഇൻഫിനിക്സ് നോട്ട് 40 പ്രോ സീരീസ് ആണ് കമ്പനി ഇന്ത്യയില്‍ അ‌വതരിപ്പിക്കുന്നത്. ഇൻഫിനിക്‌സ് നോട്ട് 40 പ്രോ, നോട്ട് 40 പ്രോ+ എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന ഏപ്രില്‍ 12ന് ഇൻഫിനിക്‌സ് നോട്ട് 40 പ്രോ 5ജി വാങ്ങുകയാണെങ്കില്‍ ഉപയോക്താക്കള്‍ക്ക് 4999 രൂപ വില വരുന്ന MAGKIT എന്ന ചാർജിംഗ് ആക്‌സസറി കിറ്റ് സൗജന്യമായി ലഭിക്കുമെന്ന് കമ്ബനി അ‌റിയിച്ചു. ഈ കിറ്റില്‍ 3,020mAh കപ്പാസിറ്റിയുള്ള ഇൻഫിനിക്സ് MagPower പവർ ബാങ്കും 1000 രൂപ വിലയുള്ള MagCase കവറും ഉള്‍പ്പെടുന്നു. സെഗ്മെന്റിലെ മറ്റ് സ്മാർട്ട്ഫോണുകളോട് മത്സരിക്കാൻ ശേഷിയുള്ള മികച്ച ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി തന്നെയാണ് ഇൻഫിനിക്സ് ഈ 5ജി പ്രോ സ്മാർട്ട്ഫോണും തയാറാക്കിയിരിക്കുന്നത്.

ഇൻഫിനിക്സ് സ്വയം വികസിപ്പിച്ച ചീറ്റാ X1 ചാർജിംഗ് ചിപ്പ് ആണ് ഇൻഫിനിക്സ് നോട്ട് 40 പ്രോ സീരീസ് ഫോണുകളുടെ പ്രധാന ആകർഷണം.ഓള്‍-റൗണ്ട് ഫാസ്റ്റ്ചാർജ് 2.0 സാങ്കേതികവിദ്യയാണ് ചീറ്റാ X1 ചിപ്പിന്റെ പ്രധാന പ്രത്യേകത. ഹൈപ്പർ മോഡില്‍ 8 മിനിറ്റിനുള്ളില്‍ 50% ചാർജ് ചെയ്യാൻ കഴിയുന്ന 100W മള്‍ട്ടി-സ്പീഡ് ഫാസ്റ്റ്ചാർജ് പ്രോ പ്ലസിനുണ്ട്. ഇൻഫിനിക്സ് നോട്ട് 40 പ്രോ 5 ജി, നോട്ട് 40 പ്രോ പ്ലസ് 5ജി എന്നിവയുടെ ഫീച്ചറുകള്‍ ഏറെക്കുറെ സമാനമാണ്.

ഇൻഫിനിക്സ് നോട്ട് 40 പ്രോ സീരീസിലെ രണ്ട് ഫോണുകളും തമ്മില്‍ ബാറ്ററി, ചാർജിംഗ് വേഗത, റാം എന്നിവയുടെ കാര്യത്തില്‍ മാത്രമാണ് പ്രധാനമായും വ്യത്യാസമുള്ളത്. ഇൻഫിനിക്സ് നോട്ട് 40 പ്രോ സീരീസിന്റെ പ്രധാന ഫീച്ചറുകള്‍: 120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് FHD+ കർവ്ഡ് അ‌മോലെഡ് സ്ക്രീൻ ആണ് ഇതിലുള്ളത്.1300 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണം എന്നിവയും ഈ ഫോണുകളിലുണ്ടാകും.

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7020 6nm പ്രൊസസർ ആണ് ഈ രണ്ട് സ്മാർട്ട്ഫോണുകളുടെയും കരുത്ത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള XOS 14 കസ്റ്റം സ്‌കിൻ ഔട്ട് ഓഫ് ബോക്‌സിലാണ് പ്രവർത്തനം. എഫ്/1.75 അപ്പേർച്ചറുള്ള 108എംപി പ്രൈമറി ക്യാമറ, 2എംപി മാക്രോ സെൻസർ, 2എംപി ഡെപ്ത് ക്യാമറ, ഒഐഎസ്, എല്‍ഇഡി ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നതാണ് ഇൻഫിനിക്സ് നോട്ട് 40 പ്രോ സീരീസിലെ ട്രിപ്പിള്‍ റിയർ ക്യാമറ യൂണിറ്റ്. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി 32 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്.

ഈ രണ്ട് മോഡലുകളും 20W വയർലെസ് MagCharge പിന്തുണയോടെയാണ് വരുന്നത്. 40 പ്രോ പ്ലസിന് 100W ചാർജിംഗുള്ള 4,600mAh ബാറ്ററിയും 40 പ്രോ 5ജിക്ക് 45W ചാർജിംഗിനൊപ്പം 5,000mAh ബാറ്ററിയും ആണുള്ളത്. 26 മിനിറ്റിനുള്ളില്‍ 50% ചാർജ് ചെയ്യാൻ പ്രോയുടെ ഫാസ്റ്റ് ചാർജറിന് കഴിയും.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button