തിരുവനന്തപുരം: പാനൂര്‍ കുന്നോത്ത് പറമ്പിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. പ്രാദേശികമായി രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി ബോംബ് സ്‌ഫോടനമുണ്ടായതിന്റെ പേരില്‍ മുതലെടുപ്പ് രാഷ്ട്രീയം നടത്തുന്നത് പരിഹാസ്യമാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. രണ്ട് വിഭാഗങ്ങളും പരസ്പരം അക്രമിക്കാന്‍ ബോംബ് നിര്‍മ്മിച്ചതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് മറ്റ് രാഷ്ട്രീയ ബന്ധമില്ലെന്നും അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് ഇപി ജയരാജന്‍ പറഞ്ഞു.
ഇപി ജയരാജന്റെ കുറിപ്പ്:
‘2011 ഫെബ്രുവരി 26ന് രാത്രി നാദാപുരത്തിനടുത്ത് നരിക്കാട്ടേരിയില്‍ ബോംബ് നിര്‍മ്മിക്കുന്നതിന്നടയില്‍ സ്ഫോടനത്തില്‍ അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. റഫീഖ്, ഷെമീര്‍, റിയാസ്, ഷബീര്‍, സാബിര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് നാദാപുരം പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വ്യാപകമായി ബോംബ് നിര്‍മ്മിച്ചത്. അതേ നാദാപുരം കൂടി ഉള്‍പ്പെടുന്ന വടകര ലോകസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും യുഡിഎഫ് നേതാക്കളും പ്രാദേശികമായി രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി ബോംബ് സ്‌ഫോടനമുണ്ടായതിന്റെ പേരില്‍ മുതലെടുപ്പ് രാഷ്ട്രീയം നടത്തുന്നത് പരിഹാസ്യമാണ്’.
‘പാനൂരിനടുത്ത് കുന്നോത്ത് പറമ്പിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന അന്വേഷണ റിപ്പോര്‍ട്ടും പുറത്ത് വന്നു. പക്ഷെ, മാധ്യമങ്ങള്‍ അത് മുക്കിയത് ആരെ സഹായിക്കാനാണ്. കൈവേലിക്കല്‍ കുഴിമ്പില്‍ ക്ഷേത്രോല്‍സവവുമായി ബന്ധപ്പെട്ട് ഒരു മാസം മുമ്പ് രണ്ട് സംഘങ്ങള്‍ തമ്മില്‍ 2-3 തവണകളായി ഏറ്റുമുട്ടിയിരുന്നു. അതില്‍ ഒരു സംഘം ബോംബ് നിര്‍മ്മിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതും ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതും. ഇതിനെ യുഡിഎഫും ബിജെപിയും മാധ്യമങ്ങളും സിപിഎമ്മിനും എല്‍ഡിഎഫിനുമെതിരെ രാഷ്ട്രീയായുധമാക്കുന്നതിനിടെയാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്’.
‘അടുങ്കുടി വയലിലായിരുന്നു ആദ്യ ഏറ്റുമുട്ടല്‍. അന്ന് കൈവേലിക്കല്‍ കുഴിമ്പില്‍ സംഘം കുന്നോത്ത് പറമ്പില്‍ സംഘവുമായി ഏറ്റുമുട്ടി. ഇതിന് തുടര്‍ച്ചയായി കുന്നോത്ത് പറമ്പില്‍ സംഘം കുഴിമ്പില്‍ ക്ഷേത്ര പരിസരത്ത് എത്തുകയും തിരിച്ചടിക്കുകയും ചെയ്തു. ക്ഷേത്രോല്‍സവം നടന്ന മാര്‍ച്ച് 8ന് അര്‍ധരാത്രിക്ക് ശേഷം കുഴിമ്പില്‍ സംഘം കുന്നോത്ത്പറമ്പിലെത്തി ബോംബെറിയുകയും ബൈക്കുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടി നല്‍കാന്‍ കുന്നോത്ത് പറമ്പില്‍ സംഘം ബോംബ് നിര്‍മ്മിക്കുകയായിരുന്നുവെന്ന് സംഭവത്തില്‍ പങ്കെടുത്ത പ്രതികള്‍ അന്വേഷണത്തില്‍ മൊഴി നല്‍കി. രണ്ട് വിഭാഗങ്ങളും പരസ്പരം അക്രമിക്കാന്‍ ഇത്തരത്തില്‍ ബോംബ് നിര്‍മ്മിച്ചതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് മറ്റ് രാഷ്ട്രീയ ബന്ധമില്ല എന്നും അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു’.
‘അതേസമയം, സ്‌ഫോടനവുമായി ബന്ധപ്പെട്ട സംഘത്തില്‍ പെട്ട ഒരാള്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ അക്രമിച്ച കേസില്‍ ഉള്‍പ്പെടെ പ്രതിയാണ്. സിപിഐഎം പ്രവര്‍ത്തകരുടെ വീട് അക്രമിച്ച കേസില്‍ പ്രതികളാണ് രണ്ട് പേര്‍. സ്‌ഫോടനത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് ഇത്രയും പച്ചയായി വ്യക്തമായിട്ടും മാധ്യമങ്ങളും പ്രതിപക്ഷവും ബോംബ് രാഷ്ട്രീയം തുടരുകയാണ്.
‘രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന അത്യന്തം ദേശീയ പ്രാധാന്യമുള്ള ഒരു തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ദേശീയമായി ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടുന്ന തെരഞ്ഞെടുപ്പ്. പക്ഷെ, ഇതൊന്നും പറയാന്‍ ത്രാണിയില്ലാതെ വിഷയ ദാരിദ്ര്യം നേരിടുന്ന യുഡിഎഫിനും ബിജെപിക്കും വീണ് കിട്ടിയ ആയുധമാണ് പാനൂരിലെ സ്‌ഫോടനം’.
Post Your Comments