KeralaLatest NewsUAEInternational

ഷാര്‍ജയിൽ മരിച്ച യാസ്‌നയുടേത് കൊലപാതകമെന്ന് ബന്ധുക്കൾ: ശരീരമാസകലം മർദ്ദനമേറ്റ പാടുകൾ, ഭർത്താവ് നാട്ടിലേക്ക് വന്നില്ല

തിരുവനന്തപുരം: ഷാർജയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. വർക്കല ഓടയം സ്വദേശിനി യാസ്നയുടെ മരണത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നത്. മാർച്ച് 23 ന് ഷാർജയിൽ വീട്ടിലെ കുളിമുറിയിലാണ് യാസ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞദിവസം നാട്ടിലെത്തിച്ച മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയതാണ് സംശയത്തിന് കാരണം. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ വർക്കല അയിരൂർ പൊലിസീൽ പരാതി നൽകി. യാസ്നയും ഭർത്താവും അഞ്ചര വയസുള്ള കുഞ്ഞും ഷാർജയിലായിരുന്നു താമസം. മാർച്ച് 23 നാണ് യാസ്നയെ ഷാർജയിലെ വീട്ടിലെ കുളിമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ഭർത്താവ് ഷംനാദ് ഷാർജ പൊലീസിനെ വിവരമറിയിച്ചു.

വിവരമറിഞ്ഞ് ബന്ധുക്കളും ഷാർജയിലെത്തി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ മൃതദേഹം നാട്ടിലെത്തിച്ചു. യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയതോടെ നാട്ടിലെത്തിച്ച ശേഷം ബന്ധുക്കൾ പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടു. മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വരാൻ ഷംനാദ് തയാറാകാത്തതും ബന്ധുക്കളിൽ സംശയം വർധിപ്പിച്ചു.

യാസ്നയുടെത് ആത്മഹത്യയാണെന്ന് ഷാർജ പൊലീസ് പറയുന്നു. നാട്ടിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ വർക്കല അയിരൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button