KeralaLatest NewsIndia

സോഷ്യൽ മീഡിയയിലൂടെ പിതാവുമായി ഫ്രണ്ട്ഷിപ്പ്, പിന്നീട് വീട്ടിൽ താമസമാക്കി:ബംഗ്ലാദേശ് സ്വദേശി 14കാരിയെ കടത്തിക്കൊണ്ടുപോയി

ഇടുക്കി: പതിനാലുവയസുകാരിയെ മറയൂരിൽ നിന്നും കടത്തികൊണ്ട് പോയ ബംഗ്ലാദേശ് സ്വദേശിയെ പശ്ചിമ ബംഗാളിൽ നിന്നും മറയൂർ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് മൈമൻ സിങ് ബിദ്യാഗഞ്ജ് സ്വദേശി മുഷ്താഖ് അഹമ്മദ് (20) ആണ് പിടിയിലായത്. ഇയാൾക്കെതിരേ പോക്സോ വകുപ്പ് ചുമത്തി. പെൺകുട്ടിയെ ഇയാൾക്കൊപ്പം കണ്ടെത്തി.

മറയൂരിൽ ജോലി ചെയ്തുവന്നിരുന്ന പശ്ചിമബംഗാൾ സ്വദേശിയുടെ മകളെയാണ് ഇയാൾ കടത്തിക്കൊണ്ടുപോയത്. പ്രതി ടൂറിസം വിസയിൽ 2023 നവംബർ 15-ന് ഇന്ത്യയിൽ എത്തിയതാണ്. 2024 ഫെബ്രുവരി എട്ടിന് വിസ കാലാവധി കഴിഞ്ഞു. എന്നാൽ ബംഗ്ലാദേശിലേക്ക് മടങ്ങാതെ ഇവിടെ തങ്ങുകയായിരുന്നു.

സാമൂഹികമാധ്യമത്തിലൂടെ പെൺകുട്ടിയുടെ അച്ഛനുമായി പരിചയത്തിലായ പ്രതി ഇവിടെ എത്തുകയും ഇവരുടെ വീട്ടിൽ താമസിക്കുകയുമായിരുന്നു. ഇതിനിടയിൽ പെൺകുട്ടിയുമായി സൗഹൃദത്തിലായി. യുവാവ് പെൺകുട്ടിക്ക് മൊബൈൽ ഫോണും രണ്ട് സിം കാർഡുകളും നല്കി.

യുവാവ് മാർച്ച് 25-ന് പെൺകുട്ടിയെ കോയമ്പത്തൂരിലേക്ക് വിളിച്ചുവരുത്തി. ഇവിടെനിന്ന് സിലിഗുഡിയിലെത്തുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ് എടുത്തത്. 28-ന് പെൺകുട്ടിയുമായി കറങ്ങിനടക്കുന്ന യുവാവിനെ കണ്ട സന്നദ്ധസംഘടനയിലെ അംഗങ്ങൾ ഇവരെ തടഞ്ഞുവെച്ച് സിലിഗുഡി പോലീസിൽ ഏൽപ്പിച്ചു. വിവരം സിലിഗുഡി പോലീസ്, മറയൂർ പോലീസിൽ അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഇരുവരേയും മറയൂരിൽ എത്തിച്ചു.

ഇന്റലിജൻസ് ബ്യൂറോയിലെ ഉദ്യോഗസ്ഥർ മറയൂരിലെത്തി പ്രതിയെ ചോദ്യംചെയ്തു.മറയൂർ ഇൻസ്പെക്ടർ ടി.ആർ. ജിജു, എൻ.എസ്. സന്തോഷ്, എം.എം.ഷമീർ, അരുൺജിത്ത്, ടി.ആർ. ഗീതു, സൂര്യലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. കൂടുതൽ അന്വേഷണം നടന്നുവരുന്നതായി ഇൻസ്പെക്ടർ ടി.ആർ. ജിജു പറഞ്ഞു. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button