തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കലാക്രമണം. ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിലാണ് കടലാക്രമണം. നിരവധി ഇടങ്ങളിൽ കടലാക്രമണം അനുഭവപ്പെട്ടതോടെ സംസ്ഥാനത്ത് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. ഇനിയും ഉയർന്ന ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതേസമയം, സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടന്ന കടലാക്രമണത്തിന് പിന്നിലെ കാരണം വിശദീകരിച്ച് ദുരന്തനിവാരണ അതോറിറ്റി രംഗത്ത്. കേരളത്തില്‍ വിവിധയിടങ്ങളിലായി ഇപ്പോള്‍ കാണുന്ന കടലാക്രമണം ‘കള്ളക്കടല്‍’ പ്രതിഭാസമാണെന്നാണ് വിശദീകരണം. സമുദ്രോപരിതലത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണ് കള്ളക്കടല്‍ പ്രതിഭാസമായി മാറുന്നത്. അവിചാരിതമായി കടല്‍ കയറിവന്ന് കരയെ വിഴുങ്ങുന്നതിനാലാണ് ഇതിനെ ‘കള്ളക്കടല്‍’ എന്ന് വിളിക്കുന്നത്. സൂനാമിയുമായി ഇതിന് സാമ്യതയുണ്ട്. എന്നാല്‍ സൂനാമിയോളം ഭീകരമല്ല. പക്ഷേ നിസാരമായി കാണാനും സാധിക്കില്ല.
2018ല്‍ കേരളത്തിന്റെ തീരദേശമേഖലകളില്‍ ‘കള്ളക്കടല്‍ പ്രതിഭാസം’ വലിയ നീശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. നൂറോളം വീടുകള്‍ തകര്‍ന്നു. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. വേലിയേറ്റ സമയമായതിനാല്‍ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ തീവ്രത കൂടിയതാണ് ഇപ്പോഴുണ്ടായ കടലാക്രമണങ്ങളുടെ കാരണമെന്നും ദുരന്ത നിവാരണ അതോറിറ്റി വിശദീകരിക്കുന്നു. രണ്ട് ദിവസം കൂടി കടലാക്രമണം പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരത്ത് പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ, തൂമ്പ എന്നിവിടങ്ങളിലെല്ലാം കടല്‍ കയറി. ശക്തമായ തിരമാലകളും കാറ്റും ഇവിടങ്ങളില്‍ അനുഭവപ്പെടുന്നുണ്ട്. കൊല്ലംകോട് നിന്നും നീരോടിയിലേക്കുള്ള ഭാഗത്തെ 50 വീടുകളിൽ വെള്ളം കയറിയിട്ടുമുണ്ട്. പൊഴിക്കരയിൽ റോഡ് പൂർണമായും വെള്ളത്തിനടിയിലായി. പൊഴിയൂരിൽ വെള്ളം കയറിയതോടെ പത്തോളം കുടുംബങ്ങളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. ആലപ്പുഴയില്‍ പുറക്കാട്, വളഞ്ഞ വഴി, ചേര്‍ത്തല, പള്ളിത്തോട് ഭാഗങ്ങളിലാണ് കടലാക്രമണം അനുഭവപ്പെടുന്നത്. പുറക്കാട് രാവിലെ കടല്‍ ഉല്‍വലിഞ്ഞിരുന്നു. ഇവിടെ ചെളിയടിഞ്ഞ അവസ്ഥയായിരുന്നു.
തൃശൂരില്‍ പെരിഞ്ഞനത്താണ് കടലേറ്റം. തിരകൾ ശക്തമായി കരയിലേക്ക് അടിച്ചുകയറി. വെള്ളവും മണ്ണും അടിച്ചു കയറി മത്സ്യബന്ധന വലകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുമുണ്ട്. കൊല്ലത്ത് മുണ്ടയ്ക്കലിലാണ് കടലാക്രമണം. ഇവിടെയും ശക്തമായ തിരമാലകളും കാറ്റുമാണ് അനുഭവപ്പെടുന്നത്.
Post Your Comments