Latest NewsKeralaNews

സംസ്ഥാനത്ത് അതിശക്തമായ കടല്‍ക്ഷോഭം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ കടലാക്രമണം. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ അതിശക്തമായ കടല്‍ക്ഷോഭം ഉണ്ടായി. തിരുവനന്തപുരം പൂവ്വാര്‍ മുതല്‍ പൂന്തുറ വരെയുള്ള ഭാഗത്താണ് ശക്തമായ കടലാക്രമണം ഉണ്ടായത്. പൊഴിയൂരില്‍ കടലാക്രമണത്തില്‍ മത്സ്യബന്ധന ഉപകരണങ്ങളും യാനങ്ങളും നശിച്ചു. റോഡുകള്‍ തകര്‍ന്നു. തീരത്തെ വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. പൂവാര്‍ അടിമലത്തുറ ഭാഗം വരെയാണ് കടല്‍ കേറ്റമുണ്ടായത്.

read also: പുതുച്ചേരിയിൽ അഴുക്കുചാൽ നിർമ്മാണത്തിനിടെ മതിലിടിഞ്ഞു; 5 തൊഴിലാളികൾക്ക് ദാണുരാന്ത്യം

കോവളത്തും ശക്തമായ തിരയടിയുണ്ടായി. റോഡിലേക്കും കടകളിലേക്കും വെള്ളം കയറി. കോവളം ബീച്ചിലേക്ക് പ്രവേശനം നിരോധിച്ചു. തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയില്‍ ശക്തമായ വേലിയേറ്റം ഉണ്ടാകുന്നതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുമ്പയില്‍ 100 മീറ്ററോളം തിരമാല അടിച്ചു കയറുകയും ചെയ്തു. ചേര്‍ത്തല- പള്ളിപ്പുറം മേഖലകളില്‍ കടലാക്രമണം ശക്തമാണ്. വേലിയേറ്റമാണ് കടലാക്രമണത്തിന് കാരണമെന്നാണ് പറയുന്നത്.

ഇന്ന് ഉച്ചയോടെയാണ് കടലാക്രമണം തുടങ്ങിയത്. പൂന്തുറയില്‍ വള്ളങ്ങള്‍ കൂട്ടിയിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ശക്തമായി തിരയടിച്ച് വള്ളങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. അഞ്ചുതെങ്ങ്, വര്‍ക്കല മേഖലകളില്‍ ശക്തമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെടുന്നത്.

 

കൊല്ലത്ത് അതിശക്തമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെട്ടത്. വര്‍ക്കല മുതല്‍ കൊല്ലത്തിന്റെ അങ്ങേ തീരം വരെയാണ് അപ്രതീക്ഷിതമായ കടല്‍ ക്ഷോഭം ഉണ്ടായത്. കാലാവസ്ഥയിലെ മാറ്റമാണ് കടല്‍ ക്ഷോഭത്തിന് കാരണം എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. നിലവില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. വലിയ തോതിലുള്ള ഭീതിയിലും ആശങ്കയിലുമാണ് നാട്ടുകാര്‍.

ആലപ്പുഴയില്‍ വിവിധ സ്ഥലങ്ങളില്‍ രൂക്ഷമായ കടല്‍ ആക്രമണമാണ് അനുഭവപ്പെട്ടത്. ആറാട്ടുപുഴ, തൃക്കുന്നപുഴ തീരങ്ങള്‍, അമ്പലപ്പുഴ, പുറക്കാട്, വളഞ്ഞവഴി തുടങ്ങിയ മേഖലകളിലും കടലാക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വളഞ്ഞവഴിയില്‍ കടലാക്രമണം ശക്തമായതോടെ പത്ത് വീടുകളാണ് തകര്‍ന്ന് വീഴുമെന്ന ഭീഷണി നേരിടുന്നത്. തീരദേശവാസികള്‍ കടുത്ത ആശങ്കയിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button