Latest NewsKeralaNews

റിയാസ് മൗലവി വധക്കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു, നീതി കിട്ടിയില്ലെന്ന് മൗലവിയുടെ ഭാര്യ

കാസർഗോഡ്: കാസർഗോഡ് റിയാസ് മൗലവി വധകേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവിൽ പ്രതികരിച്ച് റിയാസിന്റെ ഭാര്യ. ശക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും കോടതിയിൽ നിന്ന് നീതി കിട്ടിയില്ലെന്ന് റിയാസ് മൗലവിയുടെ ഭാര്യ പ്രതികരിച്ചു. കോടതിയിൽ ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും സൈദാ പറഞ്ഞു. കാസർകോഡ് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയാണ് കെ.കെ ബാലകൃഷ്ണൻ. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴു വര്‍ഷക്കാലമായി ജയിലില്‍ തന്നെയാണ്.

പള്ളിയ്ക്ക് അകത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രതികൾക്ക് മാതൃകപരമായ ശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രൊസിക്യൂഷൻ്റെ പ്രതീക്ഷ.

സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണ വേളയിൽ 97 സാക്ഷികളെ വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലും കോടതിയിൽ സമർപ്പിച്ചിരുന്നു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ എ ശ്രീനിവാന്റെ നേതൃത്വത്തിൽ അന്നത്തെ ഇൻസ്പെക്ടർ പികെ സുധാകരന്റെ മേൽനോട്ടത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷിച്ചത്. 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. 2019 ൽ കേസിന്റെ വിചാരണ ജില്ലാ സെഷൻസ് കോടതിയിൽ ആരംഭിച്ചു. ഏഴ് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വന്ന വിധിയിലാണ് പ്രതികളെ വെറുതെ വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button