ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസിൽ കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യത. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ തുടരുന്ന അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കെജ്‌രിവാളിനെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാനാണ് ഇഡി നീക്കം.
ഡല്‍ഹി മദ്യനയ അഴിമതി കേസിൽ ആം ആദ്മി പാര്‍ട്ടി ഗോവ അധ്യക്ഷന്‍ അമിത് പലേക്കര്‍, ഗോവയുടെ ചുമതലയുള്ള ദീപക് സിംഘ്‌ല, പഞ്ചാബ് എക്‌സൈസ് കമ്മീഷണര്‍ വരുണ്‍ രൂജം എന്നിവരെ കേന്ദ്രീകരിച്ച് കൂടിയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. അമിത് പലേക്കര്‍ അടക്കം രണ്ട് പേരെ ഇഡി ഇന്നലെ ചോദ്യം ചെയ്തു.
പ്രാഥമിക ചോദ്യം ചെയ്യലില്‍ 2021-22 പ്രചാരണ വേളയിലെ പാര്‍ട്ടിയുടെ ചെലവുകളുടെ വിശദാംശങ്ങളെക്കുറിച്ചും ഇഡി ചോദിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ നേതാക്കളോട് ആവശ്യപെട്ടിട്ടുണ്ട്. നേതാക്കളെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും എന്നാണ് വിവരം. ഇവരില്‍ നിന്ന് ലഭിക്കുന്ന മറുപടി തൃപ്തികരമാല്ലെങ്കില്‍ അറസ്റ്റ് നടക്കാനും സാധ്യതയുണ്ട്.
അരവിന്ദ് കെജ്‌രിവാളിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി കേജരിവാളിനെ ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം. ചോദ്യങ്ങളോട് നിസഹരണം തുടരാനാണ് കെജ്‌രിവാളിന്റെ നീക്കം. ഡല്‍ഹിയിലെ ഭരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉടന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കും എന്നാണ് സൂചന.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കെജ്രിവാളിന്റെ അഭാവത്തില്‍ ഭാര്യ സുനിത കെജ്രിവാള്‍ സജീവമാകും. മുഖ്യമന്ത്രിയെ മാറ്റേണ്ട സാഹചര്യം വന്നാല്‍ സുനിത മുഖ്യമന്ത്രി പദവിയിലേക്ക് എത്തും.
Post Your Comments