ന്യൂഡൽഹി: മദ്യനയക്കേസിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ, റോസ് അവന്യൂ കോടതിയിലെ കോടതി മുറിയിലേക്ക് കൊണ്ടുവന്നപ്പോഴാണ് ആം ആദ്മി പാർട്ടി (എഎപി) മേധാവിയുടെ പരാമർശം. ഇതൊരു രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ജനങ്ങൾ ഇതിന് മറുപടി നൽകുമെന്നും കെജ്രിവാൾ പറഞ്ഞു.
എഎപി മന്ത്രിമാരായ അതിഷി, ഗോപാൽ റായ്, സൗരഭ് ഭരദ്വാജ് എന്നിവർക്കൊപ്പം മുഖ്യമന്ത്രിയുടെ ഭാര്യ സുനിത കെജ്‌രിവാളും കോടതിയിൽ ഉണ്ടായിരുന്നു. മാർച്ച് 21 ന് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുകയും തുടർന്ന് ഡൽഹി കോടതി മാർച്ച് 28 വരെ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയുടെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടേക്കുമെന്ന് കോടതി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിലവിൽ, അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. ഇതിനെ തുടർന്നാണ് ഡൽഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി തള്ളിയത്. കൂടാതെ, ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Post Your Comments