Latest NewsIndia

ജമ്മുകശ്മീരിൽ ജനാധിപത്യം ഉറപ്പിക്കുമെന്നത് പ്രധാനമന്ത്രിയുടെ വാഗ്ദാനം: സൈന്യത്തെ പിൻവലിക്കാൻ ആലോചിക്കുന്നു: അമിത് ഷാ

ന്യൂഡൽഹി: ജമ്മുകശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ സർക്കാർ ആലോചിക്കുന്നതായി അമിത് ഷാ. ക്രമസമാധാന പാലനം ജമ്മുകശ്മീർ പൊലീസിനെ പൂർണമായും ഏൽപ്പിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം പിൻവലിക്കുന്നതും പരിഗണനയിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് സെപ്റ്റംബറിന് മുൻപ് നടത്തുമെന്നും അമിത് ഷാ പറഞ്ഞു.

‘സൈനികരെ പിൻവലിക്കാനും ക്രമസമാധാനപാലനം ജമ്മു കശ്മീർ പൊലീസിനെ മാത്രം ഏൽപ്പിക്കാനും ഞങ്ങൾ പദ്ധതിയിട്ടിട്ടുണ്ട്. നേരത്തെ ജമ്മു കശ്മീർ പൊലീസിൽ വിശ്വാസമില്ലായിരുന്നു, എന്നാൽ ഇന്ന് അവർ നിർണായകമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. അഫ്‌സ്പ പിൻവലിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ആലോചിക്കും,’ അദ്ദേഹം പറഞ്ഞു.

പ്രശ്നബാധിത പ്രദേശങ്ങളിൽ സൈന്യത്തിന് സവിശേഷ അധികാരം നൽകുന്ന നിയമമാണ് അഫ്സ്പ. ക്രമസമാധാന പാലനത്തിനായി വേണ്ടിവന്നാൽ പരിശോധനകൾ നടത്താനും, അറസ്റ്റുചെയ്യാനും, വെടിയുതിർക്കാനുമടക്കമുള്ള അവകാശങ്ങൾ സൈന്യത്തിന് നൽകുന്ന നിയമമാണിത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എഴുപത് ശതമാനത്തോളം പ്രദേശങ്ങളിൽ അഫ്സ്പ നിയമം റദ്ദാക്കിയതായും അമിത് ഷാ വ്യക്തമാക്കി. ജമ്മു കശ്മീരിൽ ജനാധിപത്യം ഉറപ്പിക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനമാണെന്നും അത് നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button