ആഗോളതാപനത്തിനെതിരെ ഭൗമ മണിക്കൂർ ആചരിക്കാൻ ആഹ്വാനം ചെയ്ത് വൈദ്യുത വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടി. ഇന്ന് രാത്രി 8:30 മുതൽ 9:30 വരെ ഒരു മണിക്കൂർ നേരത്തേക്ക് ഭൗമ മണിക്കൂർ ആചരിക്കാനാണ് തീരുമാനം. ഈ വേളയിൽ എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഒരു മണിക്കൂർ നേരത്തേക്ക് ഓഫ് ചെയ്യേണ്ടതാണ്. ഇതുവഴി ആഗോളതാപനത്തിൽ നിന്നും കാലാവസ്ഥ വ്യതിയാനത്തിൽ നിന്നും ഭൂമിയെ രക്ഷിക്കാനുള്ള ആഗോള ഉദ്യമത്തിൽ നാം ഓരോരുത്തർക്കും പങ്കാളികളാകാവുന്നതാണ്.
‘ഭൂമിയെ സംരക്ഷിക്കുക’ എന്ന സന്ദേശവുമായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആരംഭിച്ച സംരംഭത്തിൽ 190-ൽ പരം ലോകരാഷ്ട്രങ്ങൾ മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂർ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകൾ അണച്ച് ഉദ്യമത്തിൽ പങ്കുചേരാറുണ്ട്. ഈ വർഷം മാർച്ച് 23ന് ഭൗമ മണിക്കൂർ ആചരിക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ സാഹചര്യത്തിൽ ഭൗമ മണിക്കൂർ ആചരിക്കുന്നതിന് വലിയ പ്രസക്തിയുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി അറിയിച്ചു.
Post Your Comments