കൽപറ്റ: പൂക്കോട് വെറ്ററിനറി കോളജിൽ റാഗിങ്ങിനിരയായി മരിച്ച ജെ എസ് സിദ്ധാർത്ഥന്‍ എട്ട് മാസത്തോളം തുടർച്ചയായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആന്റിറാഗിങ് സ്ക്വാഡ് റിപ്പോർട്ട്. എസ്എഫ്ഐ നേതാക്കളടക്കമുള്ളവരാണ് സിദ്ധാർത്ഥനെ റാഗിങ്ങിന് ഇരയാക്കിയത്.
ഹോസ്റ്റലിൽ താമസം തുടങ്ങിയതു മുതൽ എല്ലാ ദിവസവും സിദ്ധാർത്ഥൻ കോളജ് യൂണിയൻ പ്രസിഡന്റും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ അരുണിന്റെ മുറിയിൽ റിപ്പോർട്ട് ചെയ്യണമായിരുന്നു. ദിവസവും രാവിലെയും വൈകിട്ടും അരുണിന്റെ മുറിയിലെത്തണമെന്നായിരുന്നു സിദ്ധാർത്ഥന് ലഭിച്ച നിർദേശം. പലതവണ മുറിയിൽവച്ചു നഗ്നനാക്കി റാഗ് ചെയ്തു.
ഇക്കാര്യം സിദ്ധാർത്ഥൻ പറഞ്ഞിരുന്നതായി സഹപാഠി ആന്റി റാഗിങ്ങ് സ്ക്വാഡിനു മൊഴി നൽകി. സിദ്ധാർത്ഥന്റെ പിറന്നാൾ ദിനത്തിൽ ഹോസ്റ്റലിലെ ഇരുമ്പുതൂണിൽ കെട്ടിയിട്ട് പെട്രോൾ ഒഴിച്ചു തീയിടുമെന്നു ഭീഷണിപ്പെടുത്തി. ക്യാമ്പസിൽ സജീവമായിരുന്ന സിദ്ധാർത്ഥനെ വരുതിയിലാക്കണമെന്ന് കോളജ് യൂണിയൻ നേതൃത്വം തീരുമാനിച്ചിരുന്നു.
അതിനിടെ വെറ്റിനറി സർവകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരിൽ ചിലർ സ്ക്വാഡിനു മൊഴി നൽകാൻ തയാറായില്ല. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, നിയമോപദേശം തേടിയശേഷം അന്തിമ റിപ്പോർട്ട് വൈസ് ചാൻസലർക്കു നൽകാനാണു ആന്റിറാഗിങ് സ്ക്വാഡിന്റെ തീരുമാനം.
Post Your Comments