ജാസി ഗിഫ്റ്റ് സൃഷ്ടിച്ച കൊടുംകാറ്റ് ഇപ്പോളും കെട്ടിട്ടില്ല എന്നതിന്റെ ഉദാഹരണം ആണ് കോലഞ്ചേരി കോളേജ് സംഭവത്തിനോടുള്ള പൊതുവികാരം സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. പൊതുവെ ശാന്തനും പുഞ്ചിരിയോടെ മാത്രം സംസാരിക്കുന്നതുമായ വ്യക്തിത്വത്തിന്റെ ഉടമയാണ് ജാസി ഗിഫ്റ്റ്.
മലയാളികളുടെ സംഗീത അഭിരുചിയിൽ ജനിതക മാറ്റം ഉണ്ടാക്കിയ ജാസി ഗിഫ്റ്റിന്റെ ഈണങ്ങൾ പരിശോധിച്ചാൽ ,ഇനിയും അദ്ദേഹത്തെ വേണ്ട വിധം മലയാള സംഗീത ശാഖ ഉപയോഗിക്കേണ്ടതുണ്ട് എന്ന് മനസ്സിലാവും.
ഹിപ് ഹോപ്പും റാപ്പും ഡപ്പാംകൂത്തും മാത്രമല്ല, മറ്റ് പല പ്രമുഖ സംഗീത സംവിധായകരെ പോലെ ജാസിയുടെ പാട്ടുകളും രാഗാധിഷ്ഠിതം തന്നെ ആയിരുന്നു. ‘ശുദ്ധ ധന്യാസി’ രാഗത്തിൽ അദ്ദേഹം പരീക്ഷണങ്ങൾ നടത്തിയവ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു. ‘തൂവെള്ള തൂവും ഉഷസ്സിൽ’ (സഫലം) എന്ന ഇളം കാറ്റുപോലുള്ള പാട്ട് എത്ര ശ്രവ്യസുന്ദരമാണ്.. ആദ്യ വാണിജ്യ സിനിമയായ ‘ഫോർ ദി പീപ്പി’ ളിലെ ‘ലജ്ജാവതിയെ’ യുടെ പല്ലവി തന്നെ ശുദ്ധ ധന്യാസിയാണ് അതേ ചിത്രത്തിലെ, ‘ലോകാ സമസ്ത സുഖിനോ ഭവന്തു’ എന്ന പാട്ട് പരിപൂർണ്ണമായി ശുദ്ധ ധന്യാസിയിൽ ചെയ്തു, എന്തിനേറെ അതിലെ റാപ്പ് പോലും അതെ രാഗത്തിൽ ആണ്. ഇംഗ്ലീഷ് പാട്ട് ഇതിനുമുൻപ്പ് ഇതേ രാഗത്തിൽ ദക്ഷിണാമൂർത്തി സ്വാമികൾ ചെയ്തിട്ടുണ്ട് ‘എന്റെ മോഹങ്ങൾ പൂവണിഞ്ഞു ‘ എന്ന ചിത്രത്തിലെ ‘ലവ് ടു പോസിബിളി’ പിന്നീട് ‘രജപുത്രൻ ‘ എന്ന ചിത്രത്തിന് വേണ്ടി എം.ജയചന്ദ്രനും ‘ഹല ഹല മിസ്റ്റർ റോമിയോ’.
അശ്വാരൂഡൻ എന്ന ചിത്രത്തിലെ ‘അഴകാലില മഞ്ഞചരടിൽ പൂത്താലി’യും പോക്കിരി രാജയിലെ ‘പകൽ കിനാവിൻ’ എന്ന പാട്ടും ശുദ്ധ ധന്യാസി രാഗം അദ്ദേഹം എത്ര സുന്ദരമായി ഉപയോഗിച്ചു എന്നതിന്റെ ഉദാഹരണമാണ്.
ഡിസംബർ എന്ന ചിത്രത്തിനുവേണ്ടി ചെയ്ത സ്നേഹ തുമ്പിയും അല കടലിൽ രണ്ടും കല്യാണി രാഗത്തിൽ ആണ്, ആദ്യത്തേത് മെലഡിയും രണ്ടാമത്തേത് ചടുലവുമായ പാട്ടുമാണ്.അത്പോലെ മറ്റൊരു ജനകീയ ഹിറ്റായ ഫോർ ദി പീപ്പി’ ളിലെ നിന്റെ മിഴി മുന്ന എന്ന പാട്ട് മോഹന കല്യാണിയിൽ ആണ് ചെയ്തിരിക്കുന്നത്,ഇതൊക്കെ ജാസിയിലെ പ്രതിഭയാണ് കാണിക്കുന്നത്.
ഹർമോണിക് മൈനർ സ്കെയിൽ എന്നറിയപ്പെടുന്ന ‘കീരവാണി’ രാഗത്തിൽ അദ്ദേഹം ചെയ്ത അന്നകിളി നീ എന്നിലെ എന്ന പാട്ട് ഇപ്പോളും പ്രിയമായിരിക്കുന്നതിന്റെ കാരണം ചടുലമായ താളത്തിൽ ഉള്ള പാട്ടുകളിൽ പോലും രാഗത്തിന്റെ സത്ത് ചേർക്കാൻ ജാസി മറക്കാത്തത് കൊണ്ടാണ്.
‘എന്നിട്ടും ‘ എന്ന ചിത്രത്തിലെ ‘ഒരു നൂറാശകൾ എന്ന പാട്ട് അത്രേം വലിയ ഹിറ്റായിരുന്നു .നഠഭൈരവി പോലുള്ള രാഗത്തിൽ തീർത്ത അതി മനോഹരമായ സൃഷ്ടി കേൾക്കുമ്പോൾ ,അദ്ദേഹത്തിന്റെ മെലഡിയും വഴങ്ങും എന്ന് ആർക്കും മനസ്സിലാവും.
അദ്ദേഹം ചെയ്ത മറ്റ് സൃഷ്ടികളിൽ ,ബൽറാം vs താരാദാസിലെ നീല തടാകങ്ങളോ എന്ന പാട്ട് കാനഡ രാഗത്തിൽ ചെയ്ത മനോഹരമായ മെലഡിയാണ്. സ്റ്റൈൽ എന്ന ചിത്രത്തിലെ ചെന്താമര ചുണ്ടിൽ.. , മഴ തുള്ളി തുള്ളി എന്നീ പാട്ടുകൾ ഇവയൊക്കെ വ്യത്യസ്തമായ ഈണങ്ങൾ ആണ്. പ്രണയത്തിന്റെ മറ്റൊരു തലത്തിൽ ഉള്ള ഈ ഈണങ്ങൾ ആർക്കും ഇഷ്ടം തോന്നും വിധം ഇമ്പമുള്ളതാണ്.
അധികം ആരും ശ്രദ്ധിക്കാതെ പോയ ‘നിദ്ര’ എന്ന ചിത്രത്തിലെ ശ്രേയാഘോഷാൽ പാടിയ ‘ശലഭ മഴ’ എന്ന പാട്ട് മലയാളത്തിലെ ഏറ്റവും മനോഹരമായ പ്രണയ ഗാനങ്ങളിൽ ഒന്നാണ്. അതുപോലെ അതിലെ ഒരു യാത്ര പാട്ട് ഒരു പകലായി നീ എന്ന പാട്ട് വീണ്ടും ഒരു ശുദ്ധ ധന്യാസി രാഗത്തിൽ ജാസി സൃഷ്ടിച്ചതാണ്. ആരഭി രാഗത്തിൽ ഉളള കൂട് മാറി പോകും എന്ന കല്യാണ പാട്ടും ശ്രവ്യമധുരമാണ്.
ജാസ്സിയുടെ കുറേ ഈണങ്ങൾ ശ്രദ്ധ കിട്ടാതെ പോയത് ,അവ വലിയ പ്രോജെക്ട്ടുകളിൽ ആവാതെ പോയത് കൊണ്ട് മാത്രമാണ്. ചിക്കൻ കോക്കാച്ചി എന്ന ചിത്രത്തിലെ ‘മാണിക്ക കല്ലോ മഴവില്ലോ’ ,മസാലാ റിപ്പബ്ലിക്കിലെ ‘ ആടടാ ആടടാ ‘ എന്ന പാട്ട് വളരെ പുതുമയുള്ള ഈണം ആയിരുന്നു,ചടുലവുമായ താളവും ,അതിലെ തന്നെ മനോഹരമായ ഒരു യുഗ്മ ഗാനം ‘കളിച്ചിരി ചേലുള്ള കരിമിഴി പെണ്ണെ ‘ , അതുപോലെ ‘ഇവിടെ ഈ നഗരത്തിൽ’ എന്ന ചിത്രത്തിലെ പി. ജയചന്ദ്രൻ പാടിയ “മിഴികളിൽ ” എന്ന പാട്ട് കേട്ട് നോക്കേണ്ടതാണ്, ഒരു മനോഹരമായ ഈണമായിരുന്നു വേണ്ടത്ര ശ്രദ്ധനേടിയില്ല.. ഇവയൊക്കെ വൻ താരനിരയുള്ള പ്രമുഖ നടന്മാരുടെ ചിത്രത്തിൽ ആയിരുന്നു എങ്കിൽ ഉറപ്പായും വലിയ ഹിറ്റായേനെ.
അതിനുദാഹരണം ആണ് ചൈന ടൗൺ എന്ന ചിത്രത്തിലെ പാട്ടുകൾ ,മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറിയ “അരികിൽ നിന്നാലും അറിയുവാൻ ” എന്ന പാട്ടുൾപ്പടെ എല്ലാം ഹിറ്റായിരുന്നു (“ആരാണ് കൂട്ട്” “ഇന്ന് പെണ്ണിന്” ).
അന്യഭാഷകളിലും ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച ജാസി ,ഗായകൻ എന്ന നിലയിലും തിളങ്ങി കൊണ്ടിരിക്കുന്നു. ദേവി ശ്രീ പ്രസാദ് ,ഹാരിസ് ജയരാജ്,ശരത് ,മണി ശർമ,തുടങ്ങി ഒരുപാട് പ്രമുഖ സംഗീത സംവിധായകരുടെ പാട്ടുകൾ പാടാനും നിരവധി ഹിറ്റുകൾ സമ്മാനിക്കാനും നമ്മുടെ സ്വന്തം ജാസി ഗിഫ്റ്റിന് കഴിഞ്ഞു. ഇപ്പോളും സ്റ്റേജ് പരിപാടികളിൽ ജാസ്സി പാടുമ്പോൾ സൃഷ്ടിക്കപെടുന്ന തരംഗം ,അദ്ദേഹം എക്കാലത്തും സ്വീകാര്യൻ ആണ് എന്നതിന്റെ തെളിവാണ്.
ഇനി ഇറങ്ങാനുള്ള “ആഴി” എന്ന ബിഗ് ബഡ്ജറ്റ് തമിഴ് ചിത്രം ഉൾപ്പടെ നിരവധി ചിത്രങ്ങൾ വരാൻ ഇരിക്കുന്നതേ ഉള്ളൂ. ഇനിയും ജാസിയിൽ നിന്നും ഏറെ വരാൻ ഉണ്ട്..’ഇനി കാണപോവത് നിജം’ … പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ പോലും ഒരു ജാഡയുമില്ലാതെ നടന്നു എന്നത് കൊണ്ട് അദ്ദേഹത്തെ വില കുറച്ചു കാണരുത്,പോരാത്തതിനു പഠിച്ചു നേടിയ ഡോക്ടറേറ്റും കൂടെ ഉള്ള ഒരാളെ.
എന്ന് സ്നേഹപ്പൂർവം ഒരു ജാസ്സി ഗിഫ്റ്റ്
ഫാൻ
ശ്രീനേഷ് എൽ പ്രഭു
Post Your Comments