KeralaCinemaMollywoodLatest NewsNewsEntertainment

‘ആ പ്രിൻസിപ്പാളിന് എം.ജി ശ്രീകുമാറിൻ്റെയോ വിധുവിൻ്റെയോ മൈക്ക് പിടിച്ചുവാങ്ങാനുള്ള ധൈര്യം ഉണ്ടോ?’

കൊച്ചി: കോളേജ് ഡേയ്ക്ക് ഉദ്ഘാടകനായെത്തിയ ഗായകന്‍ ജാസി ഗിഫ്റ്റിനെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രിന്‍സിപ്പല്‍ ബിനുജ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരിച്ച് സന്ദീപ് ദാസ്. ജാസി ഗിഫ്റ്റിനെ നാണംകെടുത്തിയ ആ കോളജ് പ്രിൻസിപ്പാളിന് എം.ജി ശ്രീകുമാറിൻ്റെ ഗാനമേള തടസ്സപ്പെടുത്തുമോ എന്നും വിധു പ്രതാപിൻ്റെയോ സിത്താര കൃഷ്ണകുമാറിൻ്റെയോ മൈക്ക് പിടിച്ചുവാങ്ങാനുള്ള ധൈര്യം ഉണ്ടാകുമോ എന്നും സന്ദീപ് ചോദിക്കുന്നു.

സന്ദീപ് ദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ജാസി ഗിഫ്റ്റിനെ നാണംകെടുത്തിയ ആ കോളജ് പ്രിൻസിപ്പാൾ എം.ജി ശ്രീകുമാറിൻ്റെ ഗാനമേള തടസ്സപ്പെടുത്തുമോ? വിധു പ്രതാപിൻ്റെയോ സിത്താര കൃഷ്ണകുമാറിൻ്റെയോ മൈക്ക് പിടിച്ചുവാങ്ങാനുള്ള ധൈര്യം ആ പ്രിൻസിപ്പാളിന് ഉണ്ടാകുമോ!?

പൊതുവേദിയിൽ വെച്ച് അതിക്രൂരമായി അപമാനിക്കപ്പെട്ട ജാസി ഗിഫ്റ്റ് എന്ന ഗായകനെ ഞാൻ ചേർത്തുപിടിക്കുകയാണ്. എറണാകുളം ജില്ലയിലെ സെൻ്റ് പീറ്റേഴ്സ് കോളേജിൽ വെച്ച് നടന്ന ഒരു ചടങ്ങിൽ ജാസി പാടുകയായിരുന്നു. പെട്ടന്ന് കോളജിൻ്റെ പ്രിൻസിപ്പാൾ സ്റ്റേജിലേയ്ക്ക് കയറിവരികയും ജാസിയുടെ കൈയ്യിൽനിന്ന് മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു!

ഗാനമേള തടസ്സപ്പെടുത്തിയതിനെക്കുറിച്ച് പ്രിൻസിപ്പാൾ പ്രതികരിച്ചത് ഇങ്ങനെയാണ്: ”ഇവിടെ പാടാനുള്ള അനുമതി ജാസി ഗിഫ്‌റ്റിന് മാത്രമേയുള്ളൂ. അദ്ദേഹത്തിൻ്റെ കൂടെ മറ്റൊരു ഗായകൻ കൂടി പാടുന്നുണ്ട്. അത് ഈ കലാലയത്തിൽ അനുവദനീയമല്ല…!”

എന്തൊരു വിചിത്രമായ വിശദീകരണം! സാമാന്യബുദ്ധിയുള്ള ഒരാൾക്കും പ്രിൻസിപ്പാളിനോട് യോജിക്കാനാവില്ല. അത്തരമൊരു നിബന്ധന ഉണ്ടായിരുന്നുവെങ്കിൽ ഗാനമേള ആരംഭിക്കുന്നതിന് മുമ്പ് ജാസിയെ അക്കാര്യം അറിയിക്കാമായിരുന്നില്ലേ? അതിനുപകരം പാതിവഴിയിൽ പാട്ട് മുറിച്ചുകളഞ്ഞ പ്രിൻസിപ്പാളിൻ്റെ ഉള്ളിലിരിപ്പ് എന്താണ്?

ജാസിയ്ക്ക് ഉണ്ടായ ദുരനുഭവം വേറെ ഏതെങ്കിലും ഗായകന് നേരിടേണ്ടിവരുമോ? ജാസിയെ അപമാനിച്ചാലും കുഴപ്പമൊന്നുമില്ല എന്ന ചിന്താഗതിയിലേയ്ക്ക് ആ പ്രിൻസിപ്പാൾ എങ്ങനെയാണ്‌ എത്തിയത്? നഞ്ചമ്മ എന്ന ആദിവാസി ഗായികയ്ക്ക് ദേശീയ അവാർഡ് ലഭിച്ചപ്പോൾ ഉണ്ടായ ഒച്ചപ്പാടുകൾ ഓർമ്മിക്കുന്നില്ലേ? ജാസി ഗിഫ്റ്റുമാരെയും നഞ്ചമ്മമാരെയും അംഗീകരിക്കാൻ ചിലർക്ക് മടിയാണ്. പ്രിവിലേജ്ഡ് അല്ലാത്ത മനുഷ്യരോട് തോന്നുന്ന ഒരുതരം പുച്ഛമാണത്. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആ പ്രിൻസിപ്പാൾ.

മലയാള സിനിമ ജാസി ഗിഫ്റ്റിനോട് വർണ്ണവിവേചനം കാണിച്ചിട്ടുണ്ട് എന്ന നിരീക്ഷണം ഒരുപാട് പേർ മുന്നോട്ടുവെച്ചിട്ടുണ്ട്. ഒരു പഴയകാല അഭിമുഖത്തിൽ ജാസി തന്നെ അക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജാസി പാടിയ ‘ലജ്ജാവതിയേ’ എന്ന ഗാനം കേരളത്തിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്. പക്ഷേ പാരമ്പര്യവാദികൾക്ക് ആ പാട്ട് ഒട്ടുംതന്നെ രസിച്ചിരുന്നില്ല. ശുദ്ധസംഗീതത്തിൻ്റെ മരണത്തെക്കുറിച്ച് എത്രയെത്ര ലേഖനങ്ങളാണ് അക്കാലത്ത് എഴുതപ്പെട്ടത്!
ജാസി ഇന്നലെയും ഇന്നും അപമാനിക്കപ്പെട്ടിട്ടുണ്ട്. നാളെയും അത് തുടർന്നേക്കാം. പക്ഷേ ജാസി എന്ന ഗായകൻ്റെ പ്രസക്തിയ്ക്ക് ഒരു പോറൽ പോലും സംഭവിക്കില്ല.
ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും ജാസി സൂപ്പർഹിറ്റ് ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മലയാളി ഉള്ളിടത്തോളം കാലം ‘ലജ്ജാവതിയേ’ എന്ന പാട്ടും നിലനിൽക്കും. ചരിത്രം ജാസിയെ വാഴ്ത്തും. ജാസിയെ കല്ലെറിയുന്നവർ അക്കാര്യം ഓർത്തുകൊള്ളുക.

ജാസിയോട് മര്യാദകേട് കാട്ടിയ പ്രിൻസിപ്പാളിനെ കോളജ് വിദ്യാർത്ഥികൾ കൂവുകയും ഉപരോധിക്കുകയും ചെയ്തിരുന്നു. ആ കുഞ്ഞുങ്ങളിൽ എനിക്ക് പ്രതീക്ഷയുണ്ട്. അവർ വളർന്നുവരുമ്പോൾ ജാസി ഗിഫ്റ്റുമാർ അപമാനിക്കപ്പെടാത്ത ഒരു സമൂഹം ഇവിടെ ജന്മംകൊള്ളും. തീർച്ച…!

 

shortlink

Related Articles

Post Your Comments

Related Articles


Back to top button