
തിരുവനന്തപുരം: ആര്.എല്‍.വി രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി ആര് ബിന്ദു.’പുഴുക്കുത്ത് പിടിച്ച മനസ്സുള്ളവര്‍ എന്തും പറയട്ടെ’. മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭയാണ് ആര്.എല്‍.വിയെന്നും ബിന്ദു പറഞ്ഞു. കലാമണ്ഡലം സത്യഭാമക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പില്‍ കമന്റ് ചെയ്തുകൊണ്ട് ആര്.ബിന്ദു നര്ത്തകന് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ചത്.
ഫ്യൂഡല്‍ പ്രഭുക്കള്‍ക്ക് സ്ത്രീശരീരത്തെ ഉപഭോഗവസ്തുവായി കാണാനുള്ള അരങ്ങായി ഉപയോഗിക്കപ്പെട്ട മോഹിനിയാട്ടത്തിന്റെ അന്തസ്സ് വീണ്ടെടുത്ത്, വ്യഭിചാര മുദ്രകളില്‍ നിന്ന് മഹത്തായ കലയെ മുക്തമാക്കി കാലോചിതമായി പരിഷ്ക്കരിച്ച കലാപ്രവര്‍ത്തകരുടെ മുന്‍നിരയിലാണ് അദ്ദേഹമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘സര്‍ഗ്ഗധനനായ കലാപ്രതിഭ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതീയവിവേചനത്തിന്റെയും വംശ/ വര്‍ണ്ണവെറിയുടെയും ജീര്‍ണ്ണാവശിഷ്ടങ്ങള്‍ ഉള്ളില്‍ പേറുന്ന ഒരു വനിത ഉയര്‍ത്തിയിട്ടുള്ള നിന്ദാവചനങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹം’.
‘രാമകൃഷ്ണന് മോഹിനിയാട്ടത്തിന്റെ ചരിത്രം tതിരുത്തിയെഴുതിയ പ്രതിഭാശാലിയാണ്. ഫ്യൂഡല്‍ കാലഘത്തില്‍ രൂപം കൊണ്ട ആ കലാരൂപത്തെ കാലഹരണപ്പെട്ട മൂല്യബോധത്തിന്റെ മാറാല കെട്ടിയ പഴങ്കോട്ടകളില്‍ നിന്ന് വിമോചിപ്പിക്കുകയാണ് അയാള്‍ ചെയ്തത്. ഫ്യൂഡല്‍ പ്രഭുക്കള്‍ക്ക് സ്ത്രീശരീരത്തെ ഉപഭോഗവസ്തുവായി കാണാനുള്ള അരങ്ങായി ഉപയോഗിക്കപ്പെട്ട മോഹിനിയാട്ടത്തിന്റെ അന്തസ്സ് വീണ്ടെടുത്ത്, വ്യഭിചാര മുദ്രകളില്‍ നിന്ന് മഹത്തായ കലയെ മുക്തമാക്കി കാലോചിതമായി പരിഷ്ക്കരിച്ച കലാപ്രവര്‍ത്തകരുടെ മുന്‍നിരയിലാണ് അദ്ദേഹം’.
‘ഒരു കലാരൂപവും ജാതി/ മത/ ലിംഗ/ ദേശ പരിഗണനകളുടെ പരിമിതവൃത്തങ്ങളുടെ സങ്കുചിതഇടങ്ങളില്‍ ഒതുക്കപ്പെട്ടരുത്. കലയെ സ്നേഹിക്കുന്ന, ഉപാസിക്കുന്ന ഏതൊരാള്‍ക്കും അതിന്മേല് അവകാശമുണ്ട്’.
‘മോഹിനിയാട്ടത്തില്‍ ആര്.എല്‍.വിയില്‍ നിന്ന് ആരംഭിച്ച ഉന്നതപഠനം, കലാമണ്ഡലത്തില്‍ നിന്ന് എം ഫില്‍, പിഎച്ച്ഡി ബിരുദങ്ങള്‍ നേടി, പെര്‍ഫോമിംഗ് ആര്‍ട്സില്‍ നെറ്റ് നേടി മുന്നോട്ടു കൊണ്ടുപോയ എന്റെ പ്രിയ അനുജന് ആര്‍എല്‍വി രാമകൃഷ്ണന് സ്നേഹാഭിവാദ്യങ്ങള്‍. മോഹിനിയാട്ടത്തിന്റെ വഴികളില്‍ നിങ്ങള്‍ എഴുതിച്ചേര്‍ത്തത് പുതുചരിത്രമാണ്. മറ്റാരേക്കാളും തലപ്പൊക്കം നിങ്ങള്‍ക്കാണതില്‍ അവകാശപ്പെടാന്‍ കഴിയുക’.
അഭിനന്ദനങ്ങള്‍’
Post Your Comments