ആലുവ: ആലുവയിൽ നിന്ന് പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച വാഹനം വാടകയ്ക്കെടുത്തത് പത്തനംതിട്ട എആർ ക്യാംപിലെ എഎസ്ഐ എന്ന് റിപ്പോർട്ട്. ഇപ്പോൾ ഈ ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്നലെ രാവിലെയാണ് ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് കഴക്കൂട്ടം കണിയാപുരത്ത് വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തട്ടികൊണ്ടുപോകലിൽ അന്വേഷണം തുടരുന്നതിനിടെയാണ് പ്രതികൾ സഞ്ചരിച്ച വാഹനം തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് കണിയാപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കഠിനംകുളം പൊലീസും ഫൊറൻസിക് വിദഗ്ദരുമെത്തി വാഹനം പരിശോധിച്ചപ്പോഴാണ് പത്തനംതിട്ട എആർ ക്യാംപിലെ എഎസ്ഐ വാടകയ്ക്കെടുത്ത കാറാണെന്ന് മനസിലായത്. ഇതോടെയാണ് അന്വേഷണം ഈ ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നത്.
യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല,. പ്രതികളെന്ന് സംശയിക്കുന്ന ചിലരുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും മാസ്ക് കൊണ്ട് മുഖം മറിച്ച നിലയിലാണ്. നാലുദിവസം മുൻപ് ആലുവയെ നടുക്കി യുവാവിനെ തട്ടിക്കൊണ്ടുപോയി ഒടുവിൽ ആലപ്പുഴയിൽ ഉപേക്ഷിച്ച കേസിൽ അന്വേഷണം തുടരുന്നുതിനിടെയാണ് വീണ്ടും സമാന സംഭവം. ഇന്ന് രാവിലെയാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാറിലെത്തിയ സംഘം വഴിയരികിൽ നിന്ന യുവാവിനെ ബലമായി കാറിലേക്ക് വലിച്ചുകയറ്റി വേഗത്തിൽ കടന്നുകളഞ്ഞത്. ഓട്ടോ ഡ്രൈവർമാരാണ് പൊലീസിനെ വിവരമറിയിച്ചത്
റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാഞ്ഞെത്തിയ പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടങ്ങി.ദേശീയ പാതയിലെ ക്യാമറകളും പരിശോധിച്ചു. സാമ്പത്തിക തർക്കമാണോ തട്ടികൊണ്ടുപോകലിന് പിന്നിലെന്നതടക്കം അന്വേഷിക്കുന്നുണ്ട് ചിലരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.
Post Your Comments