തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്കുള്ള വേതന വിതരണത്തിനായി കോടികൾ അനുവദിച്ച് ധനവകുപ്പ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഫെബ്രുവരിയിലെ ശമ്പളം നൽകുന്നതിനായി 16.31 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഇതോടെ, സംസ്ഥാനത്തെ 13,560 ഉച്ച ഭക്ഷണം പാചക തൊഴിലാളികൾക്ക് ഉടൻ തന്നെ ശമ്പളം ലഭിക്കും. 20 പ്രവർത്തി ദിവസങ്ങൾക്ക് 13,500 രൂപയാണ് വേതനമായി ലഭിക്കുന്നത്. ഇതിൽ
കേന്ദ്രസർക്കാർ വിഹിതം 600 രൂപയാണ്. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽ നിന്നാണ് വിതരണം ചെയ്യുന്നത്.
കേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ച്, സ്‌കൂൾ പാചക തൊളിലാളികൾക്ക് പ്രതിമാസം 1000 രൂപ ഓണറേറിയം നൽകേണ്ടതുണ്ട്. എന്നാൽ, കേരളത്തിൽ പ്രതിദിന വേതനം 600 മുതൽ 675 രൂപ വരെയാണ് നൽകുന്നത്. ഈ സഹായം പിഎം പോഷൺ അഭിയാനിൽ നിന്നാണ് ലഭിക്കേണ്ടത്. പദ്ധതിയിൽ ഈ വർഷം സംസ്ഥാനത്തിന് 284 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്. ഇതുവരെ 178 കോടി മാത്രമാണ് അനുവദിച്ചത്. 106 കോടി രൂപയാണ് കുടിശ്ശിക ഇനത്തിൽ ഉള്ളത്. കുട്ടികൾക്ക് ഉച്ചഭക്ഷണ വിതരണം മുടങ്ങാതിരിക്കാൻ സംസ്ഥാനം ഇതിനകം 138.88 കോടി രൂപ അനുവദിച്ചു. പാചക ചെലവ് ഇനത്തിൽ കഴിഞ്ഞ മാസം 19.82 കോടി രൂപ നൽകിയിരുന്നതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.
Post Your Comments