വിളിച്ചുവരുത്തി മുറിയില്‍ പൂട്ടിയിട്ട് തന്നെ നടൻ ബിനു അടിമാലി ഉപദ്രവിച്ചുവെന്ന് ഫോട്ടോഗ്രഫർ ജിനേഷ് വെളിപ്പെടുത്തിയത് വലിയ വിവാദമായിരിക്കുകയാണ്. ബിനു അടിമാലി ഭീഷണിപ്പെടുത്തുന്ന വോയ്സ് ക്ലിപ്പും ഇദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ച കൊല്ലം സുധിയുടെ വീട്ടില്‍ ബിനു അടിമാലി പോയതും മഹേഷ് കുഞ്ഞുമോനെ സന്ദര്‍ശിച്ചതും നടനുള്ള ചീത്തപ്പേര് മാറി സഹതാപം കിട്ടാന്‍ വേണ്ടിയായിരുന്നുവെന്ന ആരോപണവും ജിനേഷ് ഉന്നയിച്ചിരുന്നു. ഈ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിനു അടിമാലി ഇപ്പോൾ. ട്രൂ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സൂരജ് പാലക്കാരനുമായി സംസാരിക്കവെയാണ് തന്റെ ഭാഗം ബിനു വെളിപ്പെടുത്തിയത്.
read also: മമതാ ബാനര്‍ജി അപകടത്തിൽപ്പെട്ടു: പരിക്ക് ഗുരുതരം
നടന്റെ വാക്കുകളിലേക്ക്…
‘കോമഡി സ്റ്റാർസിന് മുമ്പ് ഞാൻ രസികരാജ പരിപാടിയില്‍ സ്കിറ്റ് കളിച്ചിരുന്നു. അന്ന് ഞാൻ ആർക്കൊപ്പം നിന്നാണോ സ്കിറ്റ് കളിച്ചത് അവർക്കൊപ്പമാണ് ഞാൻ ഇന്നും സ്കിറ്റ് കളിക്കുന്നത്. പല ചാനലിലും പല തരത്തിലാണ് എന്നെ കുറിച്ച് വാർത്ത വന്നത്. ഞാൻ പിടിച്ച് എറിഞ്ഞു, ചവിട്ടിക്കൂട്ടി എന്നൊക്കെയാണ് വന്നത്. കമന്റ്സ് നോക്കാറില്ല. അതിനുള്ള മാനസികാവസ്ഥയിലല്ല. അത് വായിച്ചാല്‍ ഞാൻ തകർന്ന് പോകും. ഞാൻ ഒന്നും ചെയ്തിട്ടില്ല. സ്റ്റാർ മാജിക്കില്‍ വെച്ചാണ് എനിക്ക് എതിരെ ആരോപണം ഉന്നയിച്ച വ്യക്തിയെ ഞാൻ കാണുന്നത്. പുള്ളി ഒരു ഫോട്ടോഗ്രാഫറാണ്. ഞങ്ങളുടെ എല്ലാം ഫോട്ടോ എടുക്കാറുണ്ട്. ഒരു ദിവസം എന്നോട് പറഞ്ഞു ചേട്ടന്റെ സോഷ്യല്‍മീഡിയ ഞാൻ ഹാൻഡില്‍ ചെയ്യാമെന്ന്. എനിക്ക് ഫേസ്ബുക്കിലും ഇൻസ്റ്റയിലുമൊന്നും ഒന്നും ചെയ്യാൻ അറിയാത്തതുകൊണ്ട് ഞാൻ അത് സമ്മതിച്ചു. റീച്ചുള്ള ഒരു പേജ് വേണമായിരുന്നു പുള്ളിക്ക് ഫോട്ടോയിടാൻ. എന്റെ പേജ് നോക്കാൻ വന്നയാള്‍ പിന്നീട് എന്നോട് ചോദിച്ചു ഈ പേജ് കൊടുക്കുന്നുണ്ടോയെന്ന്. പല പ്രാവശ്യം ചോദിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല. പിന്നീട് പേജ് മിസ് യൂസ് ചെയ്യുന്ന ഒരുപാട് സന്ദർഭങ്ങളുണ്ടായി. മാത്രമല്ല എന്നോട് ചോദിക്കാതെ പേജിന്റെ പാസ്വേർഡുകള്‍ മാറ്റി.’
‘എന്റെ കൂടെ സഹകരിച്ച ഒരാളും ഞാൻ മോശക്കാരനാണെന്ന് പറയില്ലെന്നാണ് എന്റെ വിശ്വാസം. കാരണം ബിസിനസ് മൈന്റില്‍ ഞാൻ ആരോടും പെരുമാറാറില്ല. ഉള്ള വീട് വരെ വിറ്റു ഞാൻ. മകൻ വിദേശത്ത് പഠിക്കാൻ പോയി. അപ്പോള്‍ അവന്റെ ലോണും വീടിന്റെ ലോണും അടക്കാൻ പറ്റുന്നില്ല. അതുകൊണ്ട് ഞാൻ വീട് വിറ്റു. ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ വളരെ വിഷമമാണ്. സോഷ്യല്‍മീഡിയ വഴി എന്നെ നാറ്റിക്കുമെന്നാണ് ഇത് കോംപ്രമൈസ് ചെയ്യാൻ ചെല്ലുന്നവരോട് ജിനേഷ് പറയുന്നത്. ബിനു അടിമാലിയെ ഇനി സോഷ്യല്‍മീഡിയ വഴി ഞാൻ ഉപദ്രവിക്കില്ലെന്ന് പാലാരിവട്ടം സ്റ്റേഷനില്‍ ജിനേഷ് ഒപ്പിട്ട് എഴുതികൊടുത്തിട്ടുണ്ട്. അവന്റെ ഉദ്ദേശം അറിയില്ല. എന്റെ കയ്യില്‍ നിന്നും വാങ്ങിയ 52000 രൂപ പോലും തിരിച്ച് തന്നിട്ടില്ല.’
‘തെളിവില്ലാത്ത വേറെയും പണം കൊടുത്തിട്ടുണ്ട്. എന്റെ ഗൂഗിള്‍ പേയുടെ പാസ്വേർഡ് വരെ ഒളിഞ്ഞു നിന്ന് മനസിലാക്കി. എന്റെ പേജില്‍ വരുന്ന പരസ്യത്തിന്റെ പൈസയൊന്നും എനിക്ക് കിട്ടിയിട്ടില്ല. സുധിയുടെ വീട്ടില്‍ ജിനേഷിന്റെ നിർബന്ധപ്രകാരമാണ് പോയത്. അതിന്റെ വീഡിയോ എന്റെ പേജിലിടാൻ അവൻ നിർബന്ധിച്ചു. പക്ഷെ അതിലൂടെ വരുന്ന വരുമാനം വേണ്ടെന്ന് അവനോട് പറഞ്ഞത് ഞാനാണ്.’
‘ഇവൻ ഞങ്ങള്‍ക്കൊപ്പം വന്ന് ഞങ്ങള്‍ അറിയാതെയാണ് സുധിയുടെ വീട്ടിലെ വീഡിയോ എടുത്തത്. കൂടെ നിന്നവരെ വിശ്വസിച്ചത് മൂലം എട്ടിന്റെ പണി പലപ്പോഴായി കിട്ടിയിട്ടുണ്ട്. അതുകൊണ്ട് പ്രതികരിക്കാറില്ല. വീട്ടില്‍ എല്ലാവരും വിഷമത്തിലാണ്. ഇപ്പോള്‍ വർക്കും കുറവാണ്. ഞാൻ ഇടിച്ചിട്ടുണ്ടെങ്കില്‍ അതിന് തെളിവ് വേണ്ടേ?. ക്യാമറയുടെ മുമ്പില്‍ നിന്ന് പെർഫോം ചെയ്ത് അരി മേടിക്കുന്ന ഞാൻ കാമറ തല്ലിപ്പൊട്ടിക്കുമോ?. ഒമ്പത് ലക്ഷം രൂപയാണ് എന്നോട് ചോദിക്കുന്നത്. സുഖമില്ലാത്ത എന്റെ മകളാണ് എന്റെ ഏറ്റവും വലിയ തീരാദുഖം. അവളെ പിടിച്ച് ഞാൻ സത്യം ചെയ്യുന്നു ജിനേഷിനെ ഞാൻ തല്ലിയിട്ടില്ലെന്നാണ്’, ബിനു അടിമാലി പറഞ്ഞത്.
Post Your Comments