അയോധ്യ ശ്രീരാമക്ഷേത്രത്തിലെ ആരതി തത്സമയം സംപ്രേഷണം ചെയ്യാനൊരുങ്ങി ദേശീയ പൊതു പ്രക്ഷേപണ ടെലിവിഷൻ ചാനലായ ദൂരദർശൻ. രാവിലെ 6:30നാണ് ആരതി തത്സമയം സംപ്രേഷണം ചെയ്യുക. എല്ലാ ദിവസവും രാവിലെ രാംലല്ലയുടെ ദിവ്യദർശനമായിരിക്കുമെന്ന് ദൂരദർശൻ എക്സ് പോസ്റ്റിൽ കുറിച്ചു. ഭക്തർ അതീവ പ്രാധാന്യത്തോടെ ദർശിക്കുന്നതാണ് അയോധ്യയിലെ ആരതി. രാവിലെയും ഉച്ചയ്ക്കും രാത്രിയുമാണ് ആരതി ഉണ്ടാകാറുള്ളത്. ഇതിൽ രാവിലെ നടക്കുന്ന ആരതി മാത്രമേ സംപ്രേഷണം ചെയ്യുകയുള്ളൂ.
അയോധ്യ ക്ഷേത്രം സന്ദർശിക്കാൻ കഴിയാത്ത ഭക്തർക്ക് ഇനി മുതൽ ദൂരദർശൻ ചാനലിലൂടെ ദർശനം സാധ്യമാകുമെന്ന് ഡിഡി നാഷണൽ അറിയിച്ചു. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകൾക്കു ശേഷം ആരതി തത്സമയം സംപ്രേഷണം ചെയ്യാനുള്ള അനുമതിക്കായി ദൂരദർശൻ ശ്രമിക്കുകയായിരുന്നുവെന്നും, ഇപ്പോഴാണ് അതിനുള്ള അവസരം ലഭിച്ചതെന്നും ഡിഡി നാഷണലിന്റെ വക്താവ് അറിയിച്ചു. രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെയാണ് അയോധ്യ രാമക്ഷേത്രത്തിലെ ദർശന സമയം. ഭക്തരുടെ തിരക്ക് കാരണം ക്ഷേത്രം ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂർ അടച്ചിടാറുണ്ട്.
Post Your Comments