കണ്ണൂര്‍: എന്തടിസ്ഥാനത്തിലാണ് താൻ ബി.ജെ.പിയിൽ പോകുമെന്ന് സി.പി.എം ആരോപിക്കുന്നതെന്ന് കെ. സുധാകരൻ. ഇത് ഭ്രാന്ത് പിടിച്ചവന്‍ പുലമ്പുന്നത് പോലെയാണെന്നും ഇക്കാര്യം കുറേക്കാലമായി ഇവർ പ്രചരിപ്പിക്കുന്നുവെന്നും സുധാകരൻ ആരോപിച്ചു. ആദ്യം ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നത് തന്റെ തീരുമാനമായിരുന്നുവെന്നും എന്നാല്‍, പാര്‍ട്ടി ആവശ്യപ്പെട്ടതോടെയാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും സുധാകരൻ വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിൽ ഒരു വെല്ലുവിളിയുമില്ല. താൻ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലത്തില്‍ വിജയപ്രതീക്ഷ ഉണ്ടോ ചോദിക്കുന്നത് അപ്രസക്തമാണ്. കേരളത്തിൽ ഇരുപത് സീറ്റുകളിലും ജയിക്കാനാണ് ലക്ഷ്യം. തൃശ്ശൂരിൽ കെ. മുരളീധരൻ എത്തിയതോടെ ഒരു രാത്രികൊണ്ട് മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം മാറി. സമാനമാണ് വടകരയിലെ സ്ഥിതിയും. പാലക്കാട് മണ്ഡലത്തില്‍ ഒരു റിസ്കുമില്ല. ഉപതിരഞ്ഞെടുപ്പിൽ വന്നാല്‍ തങ്ങള്‍ ഫലം കാണിച്ചുതരാം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു ഭയവുമില്ല എന്നാണ് സുധാകരൻ പറയുന്നത്.
‘എം.വി ജയരാജൻ ഒരു ശക്തനുമല്ല, എനിക്ക് അദ്ദേഹം ഒരു എതിരാളിയുമല്ല. ഞാന്‍ ടീച്ചര്‍ക്കെതിരെ മത്സരിച്ചതാണ്. എന്നിട്ട്, 90,000 വോട്ടിന് ജയിച്ചതാണ്. ആ എനിക്ക് എന്ത് എം.വി. ജയരാജന്‍? പാവം’, സുധാകരൻ പറഞ്ഞു.
Post Your Comments