ബെംഗളൂരു: സ്ഫോടനം നടന്ന് എട്ട് ദിവസങ്ങള്‍ക്ക് ശേഷം രാമേശ്വരം കഫേ ഇന്ന് മുതല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.അതീവ സുരക്ഷയിലാണ് കട പ്രവര്‍ത്തിക്കുന്നത്. ഭക്ഷണം കഴിക്കാനെത്തുന്ന ആളുകളെ പരിശോധന നടത്തിയശേഷമാണ് കടയിലേയ്ക്ക് കടത്തിവിടുന്നത്. സ്ഫോടനത്തെ തുടര്‍ന്ന് കടയില്‍ സംഭവിച്ച കേടുപാടുകള്‍ പരിഹരിച്ചശേഷമാണ് കഫേ വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. രാവിലെ കഫേയുടെ സ്ഥാപകനായ രാഘവേന്ദ്ര റാവുവും ജീവനക്കാരും ചേര്‍ന്ന് ദേശീയഗാനം ആലപിച്ച ശേഷമാണ് കടയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
Read Also: റമദാൻ: യുഎഇയിൽ 2,224 തടവുകാർക്ക് മാപ്പ്; പരിഗണിച്ചത് നല്ല പെരുമാറ്റവും കുറ്റകൃത്യങ്ങളുടെ സ്വഭാവവും
‘ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായി ഞങ്ങള്‍ കൂടുതല്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. ഞങ്ങളുടെ സുരക്ഷാ ടീമിനെ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കാനായി വിമുക്തഭടന്മാരുടെ സഹായം തേടും. ഞങ്ങള്‍ എല്ലാ സിസിടിവി ദൃശ്യങ്ങളും വിവരങ്ങളും അധികാരികള്‍ക്ക് നല്‍കിയിട്ടുണ്ട്. കഫേ ഇത്ര പെട്ടെന്ന് വീണ്ടും തുറക്കാന്‍ ഞങ്ങളെ സഹായിച്ചതിന് അധികാരികളോടും നന്ദി അറിയിക്കുന്നു’ രാഘവേന്ദ്ര റാവു പറഞ്ഞു.
അതേസമയം സ്ഫോടനം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് പ്രതിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല. പ്രതിയുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മാര്‍ച്ച് ഒന്നിനാണ് കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയില്‍ സ്ഫോടനം ഉണ്ടാകുന്നത്. സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. പ്രതി കഫേയില്‍നിന്ന് നൂറ് മീറ്റര്‍ അകലെയുള്ള ബസ് സ്റ്റോപ്പില്‍ ബസ് ഇറങ്ങുന്നതും ശേഷം കഫേയിലേക്ക് വരുന്നതുമായ ദൃശ്യങ്ങള്‍ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതാണ് അന്വേഷണത്തില്‍ നിര്‍ണ്ണായക തെളിവായത്.
Post Your Comments