Latest NewsKeralaNews

കാട്ടാന ആക്രമണം: രണ്ടു പേർ മരണപ്പെട്ടു: പ്രതിഷേധവുമായി നാട്ടുകാർ

നീലഗിരി: കാട്ടാന ആക്രമണത്തിൽ രണ്ടു മരണം. ഗൂഡല്ലൂരിലും മസിനഗുഡിയിലുമായാണ് രണ്ട് പേർ കൂടി കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടത്. ദേവർശാലയിൽ എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ്, മസിനഗുഡിയിൽ കർഷകനായ നാഗരാജ് തുടങ്ങിയവരാണ് മരിച്ചത്. ദേവർശാലയിൽ സർക്കാർ മൂല എന്ന സ്ഥലത്ത് വച്ചാണ് മാദേവിന് നേരെ കാട്ടാന ആക്രമണം നടന്നത്. ഈ പ്രദേശത്ത് ഇപ്പോഴും കാട്ടാന പരിഭ്രാന്തി പരത്തുന്നുണ്ട്. ഇവിടുത്തെ നാട്ടുകാർ വനംവകുപ്പിനെതിരെ പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്.

മസിനഗുഡിയിൽ വെച്ച് പുലർച്ചെ നാലു മണിയ്ക്കാണ് നാഗരാജ് കാട്ടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വന്യജീവികളുടെ ആക്രമണത്തിൽ മരണപ്പെടുന്നവരുടെ എണ്ണം ഉയർന്നു കൊണ്ടിരിക്കുകയാണ്. കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി എന്നിവയുടെ ആക്രമണൾ വർദ്ധിക്കുകയാണ്.

അതേസമയം, കേരളത്തിലെ വന്യജീവി ആക്രമണങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി വനം വകുപ്പുമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നിരുന്നു. സംസ്ഥാനത്തെ വിവിധ വനം സർക്കിളിൽ ഉണ്ടായ സംഭവങ്ങളും അതിനോട് അനുബന്ധിച്ച് സ്വീകരിച്ച നടപടികളും യോഗത്തിൽ ചർച്ച ചെയ്തു. വനം, റവന്യൂ, പോലീസ് വകുപ്പുകൾ ചേർന്നുള്ള കമാൻഡ് കൺട്രോൾ സെന്ററുകൾ ഫലപ്രദമായി പ്രവർത്തിച്ചു വരുന്നതായി യോഗം വിലയിരുത്തി. ഇതില്ലാത്ത മറ്റ് സർക്കിളുകളിലും ഇതേ രീതിയിൽ കമാൻഡ് കൺട്രോൾ സെന്ററുകൾ രൂപീകരിക്കാൻ തീരുമാനിച്ചു.

ജനജാഗ്രതാ സമിതികൾ വിളിച്ചു ചേർത്ത് ബന്ധപ്പെട്ട പഞ്ചായത്തുകളുമായി ചേർന്ന് ഫലപ്രദമായ ആസുത്രണം ചെയ്ത് നടപ്പിലാക്കണം. വനത്തിനകത്തെ കുളങ്ങൾ തടയണകൾ എന്നിവയിൽ ജലദൗർലഭ്യം നേരിടുന്നവയുടെ ലിസ്റ്റ് മുൻഗണനാക്രമത്തിൽ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാൻ തീരുമാനിച്ചു. വാഹനങ്ങൾ കുറവായിട്ടുള്ള ഡിവിഷനുകളിൽ ആവശ്യമായ വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിനുള്ള അടിയന്തരമായ നടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകി.

ആധുനിക ഉപകരണങ്ങൾ വാങ്ങി നൽകുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ തീരുമാനിച്ചു. ഇപ്പോൾ വന്യജീവി സംരക്ഷണ നിയമത്തിന്റെ പട്ടിക ഒന്നിൽപ്പെട്ട കുരുങ്ങുകളെ പട്ടിക രണ്ടിലേക്ക് മാറ്റുന്നതിന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. ഇപ്രകാരം ചെയ്യുന്ന പക്ഷം ഇപ്പോൾ പട്ടിക രണ്ടിൽ ഉൾപ്പെട്ട കാട്ടുപന്നികളെ നശിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന തരത്തിൽ അവയുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ കഴിയുന്നതാണെന്ന് യോഗം വിലയിരുത്തി. കാട്ടുപന്നികളെ നശിപ്പിക്കുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് അഭ്യർത്ഥിക്കാനും തീരുമാനിച്ചു. വന്യജീവി ആക്രമണം വർദ്ധിച്ച സാഹചര്യത്തിൽ വനം വകുപ്പിലെ സാധാരണ ജോലികൾ മാറ്റി വെച്ച് എല്ലാ ഫീൽഡ് സ്റ്റാഫുകളും പൂർണ്ണമായും പട്രോളിംഗ് ഡ്യൂട്ടി ഉൾപ്പെടെയുള്ള ജോലികൾ നിർവ്വഹിക്കണമെന്ന കർശന നിർദ്ദേശം നൽകാൻ വനം മേധാവിയോട് മന്ത്രി നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button