KeralaLatest News

ഒറ്റച്ചവിട്ടിന് സിദ്ധാർത്ഥനെ താഴെയിട്ടു, മ‍ര്‍മ്മം നന്നായി അറിയാവുന്ന സിൻജോ ദേഹത്ത് തള്ളവിരൽപ്രയോഗം നടത്തി- ദൃക്സാക്ഷി

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിലെ പ്രധാന പ്രതി സിൻജോ ജോൺസൻ തൻ്റെ കരാട്ടെയിലുള്ള മികവാണ് സിദ്ധ‍ാ‍‍ര്‍ത്ഥനെ മർദ്ദിക്കാനായി പുറത്തെടുത്തത്. കരാട്ടെ ബ്ലാക്ക് ബെൽറ്റായ സിൻജോ ഒറ്റച്ചവിട്ടിന് സിദ്ധാർഥനെ താഴെയിട്ടു. കൈവിരലുകൾ കൊണ്ട് സിൻജോ കണ്ഠനാളം അമര്‍ത്തി. ഇതാണ് വെള്ളം പോലും ഇറക്കാനാകാത്ത നിലയിലെത്തിച്ചത്. പോസ്റ്റുമോ‍ര്‍ട്ടം റിപ്പോ‍ര്‍ട്ട് പ്രകാരം സിദ്ധാര്‍ത്ഥൻ ഭക്ഷണവും വെള്ളവും കഴിക്കാതെ അവശനായിരുന്നു. ഇത് ശരിവെക്കുന്ന മൊഴി ദൃക്സാക്ഷികളായ വിദ്യാർഥികളും നൽകിയിട്ടുണ്ട്.

സിന്‍ജോ കരാട്ടെമികവ് തീർത്തത് സിദ്ധാർത്ഥന്റെ മേൽ, കണ്ഠനാളം വിരലുകള്‍വച്ച് അമര്‍ത്തി, വെള്ളം കൊടുത്തിട്ടും ഇറക്കാനായില്ല

മ‍ര്‍മ്മം നന്നായി അറിയാവുന്ന സിൻജോ ദേഹത്ത് തള്ളവിരൽ പ്രയോഗം നടത്തി. ആള്‍ക്കൂട്ട വിചാരണ പ്ലാൻ ചെയ്തതും നടപ്പാക്കിയതും പിന്നീട് വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയതും സിൻജോയാണ്. ഇയാൾക്കൊപ്പം മറ്റൊരു പ്രതിയായ കാശിനാഥൻ സിദ്ധാർഥനെ ബെൽറ്റ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു. സൈക്കോയെന്ന വിളിപ്പേരിൽ അറിയപ്പെടുന്ന കാശിനാഥൻ മനോനില തെറ്റിയവരെ പോലെയാണ് സിദ്ധാർഥനെ മർദ്ദിച്ചത്. കേസിൽ മുഖ്യപ്രതി സിന്‍ജോ ജോണ്‍ ഉള്‍പ്പെടെ 18 പ്രതികളും പിടിയിലായിരുന്നു. കല്‍പറ്റയില്‍ നിന്നാണ് സിന്‍ജോ പിടിയിലായത്.

സിദ്ധാർഥന്റെ മൃതദേഹം പൊലീസ് എത്തുന്നതിനു മുൻപുതന്നെ അഴിച്ചുമാറ്റിയിരുന്നു എന്നാണ് വിവരം. പ്രതികൾ തന്നെയാണ് മൃതദേഹം അഴിച്ചതെന്നും റിപ്പോർട്ടുണ്ട്. ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടാതെ സിദ്ധാർഥന്റെ ഫോണും പ്രതികളുടെ കൈവശമായിരുന്നു. ക്രൂരമായ ആക്രമണത്തിന് ശേഷം പ്രതികൾ ഫോൺ പിടിച്ചു വെക്കുകയായിരുന്നു. 18ന് രാവിലെയാണ് സിദ്ധാർഥിന് ഫോൺ തിരികെ നൽകിയതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേസമയം മരണം നടന്ന ദിവസം ഉച്ചമുതൽ കേരള വെറ്ററിനറി സർവകലാശാല വിസി ഡോ. എം.ആർ. ശശീന്ദ്രനാഥ് ക്യാംപസിലുണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. സിദ്ധാർഥ് മരിച്ചത് അറിഞ്ഞിട്ടും അക്കാര്യം അന്വേഷിക്കാൻ വിസി തയാറായില്ല. ഈ സമയവും വി.സി മാനേജ്മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിമുഖങ്ങൾ നടത്തുകയായിരുന്നു. ഇതിന് ശേഷം ഫെബ്രുവരി 21നാണ് വിസി ക്യാമ്പസ് വിട്ടതെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വിസി എം ആർ ശശീന്ദ്രനാഥിനെ ഗവർണർ സസ്പെൻഡ് ചെയ്തിരുന്നു. സർവ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. മൂന്നുദിവസം തുടർച്ചയായി വിദ്യാർത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സര്‍വകലാശാല അധികൃതരുടെ അറിവോടെയായിരുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് നീക്കം തുടങ്ങി. ജുഡീഷ്യൽ അന്വേഷണത്തിനായി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട ഹൈക്കോടതിയെ സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button