Latest NewsKeralaIndia

സിദ്ധാർത്ഥൻ്റെ മരണം: പ്രതിപ്പട്ടിക തയ്യാറാക്കി സിബിഐ, രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ 21 പ്രതികൾ

പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാ‍ർത്ഥിയായ സിദ്ധാർത്ഥൻ്റെ മരണത്തിൽ പ്രതിപ്പട്ടിക തയ്യാറാക്കി സിബിഐ. പട്ടിക വലുതാകുമെന്നാണ് സിബിഐ നൽകുന്ന സൂചന. കഴിഞ്ഞ ദിവസം സിബിഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ 21 പ്രതികളാണുള്ളത്. നേരത്തെ കേസ് അന്വേഷിച്ച കൽപ്പറ്റ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള പൊലീസ് 20 പേരെയാണ് പ്രതി ചേർത്തിരുന്നത്. ഇവർക്ക് പുറമെ ഒരാൾ കൂടി സിബിഐയുടെ പ്രതിപ്പട്ടികയിലുണ്ട്. എന്നാൽ ഇയാളുടെ പേര് പരാമർശിച്ചിട്ടില്ല.

സിദ്ധാർത്ഥൻ്റെ മരണത്തിൽ ചില വിദ്യാർത്ഥികളുടെ പേരുകൾ കുടുംബം പരാമർശിച്ചിരുന്നു. ഇവരിൽ ആരിലേക്കെങ്കിലും സിബിഐയുടെ അന്വേഷണം നീളുമോയെന്ന് വ്യക്തമല്ല. നിലവിൽ പേര് പരാമർശിക്കാതെയാണ് 21-ാമത്തെ ആളെ എഫ്.ഐ.ആറിൽ പ്രതി ചേർത്തിരിക്കുന്നത്. ദില്ലിയിൽ നിന്നുള്ള സിബിഐ സംഘം കഴിഞ്ഞ ദിവസം വയനാട്ടിൽ എത്തി പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ്റെ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തും. സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശിനോട് ചൊവ്വാഴ്ച വരാനാണ് സിബിഐ നിര്‍ദേശം നൽകിയത്.

സിദ്ധാർഥൻ കേസിൽ അന്വേഷണം തുടങ്ങിയ സി.ബി.ഐ ക്ക് വേണ്ട സഹായങ്ങള്‍ എല്ലാം പൊലീസ് ചെയ്തുകൊടുക്കണമെന്നാണ് പൊലീസ് മേധാവിക്ക് നിർദേശം നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. ക്യാമ്പ് ഓഫീസും വാഹനങ്ങളും മറ്റ് സാങ്കേതിക സഹായങ്ങള്‍ ഉൾപ്പെടെ കേസ് അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായവും നൽകണമെന്ന് ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കാണിച്ച് സിദ്ധാർത്ഥിൻ്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് സിബിഐക്ക് വിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ സിബിഐ സംഘം വയനാട് ജില്ലാ പൊലീസ് മേധാവി ടി. നാരായണനുമായി സംസാരിച്ചിരുന്നു. സിദ്ധാർത്ഥന്‍റെ മരണം അന്വേഷിച്ച കൽപ്പറ്റ ഡിവൈഎസ്പി ടി എൻ സജീവനുമായും സിബിഐ ഉദ്യോഗസ്ഥർ സംസാരിച്ചു. വൈത്തിരി റസ്റ്റ് ഹൗസിലാണ് സിബിഐയുടെ താൽക്കാലിക ക്യാമ്പ്. ദില്ലിയിൽ നിന്ന് ഒരു എസ്.പിയുടെ നേതൃത്വത്തിൽ നാലാംഗ സംഘമാണ് എത്തിയിരിക്കുന്നത്. മലയാളികളായ ചില ഉദ്യോഗസ്ഥരും വരും ദിവസങ്ങളിൽ സംഘത്തോടൊപ്പം ചേരുമെന്നും സൂചനയുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോ‍ർട്ട് ചെയ്തു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button