തൃശ്ശൂർ: അതിരപ്പിള്ളിയിൽ വീണ്ടും ഭീതി വിതച്ച് കാട്ടാനക്കൂട്ടം. അതിരപ്പിള്ളി എണ്ണപ്പന തോട്ടത്തിലാണ് കാട്ടാനകൾ തമ്പടിച്ചിരിക്കുന്നത്. ഏകദേശം 50 കാട്ടാനകൾ എണ്ണപ്പന തോട്ടത്തിൽ എത്തിയിട്ടുണ്ട്. അതിരപ്പിള്ളിയിൽ എത്തുന്ന വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന പ്രധാന ഇടങ്ങളിൽ ഒന്നാണ് എണ്ണപ്പന തോട്ടം. പ്ലാന്റേഷൻ കോർപ്പറേഷൻ ഓയിൽ ഫാം ഡിവിഷൻ സിയിലാണ് കാട്ടാനക്കൂട്ടങ്ങൾ ഉള്ളത്.
പ്രദേശത്ത് കാട്ടാനകൾ തമ്പടിച്ചിരിക്കുന്നതിനാൽ എണ്ണപ്പനക്കായയുടെ ഹാർവെസ്റ്റിംഗ് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കാട്ടാനക്കൂട്ടത്തെ തുരത്തിയോടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടം എത്തിയിരുന്നു. മണിക്കൂറുകളോളം പ്രദേശത്ത് വിഹരിച്ച ശേഷമാണ് കാട്ടാനകൾ തിരികെ കാട്ടിലേക്ക് മടങ്ങിയത്. ഓരോ ദിവസം കഴിയുംതോറും തോട്ടത്തിലെത്തുന്ന കാട്ടാനകളുടെ എണ്ണം വർദ്ധിക്കുകയാണെന്നും, സർക്കാർ ഇതിന് കൃത്യമായ പരിഹാരം കണ്ടെത്തണമെന്നും തോട്ടം തൊഴിലാളികൾ ആവശ്യപ്പെട്ടു.
Also Read: വീട്ടുജോലികൾ ഭാര്യ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് ക്രൂരതയായി കണക്കാക്കാൻ കഴിയില്ല: ഡൽഹി ഹൈക്കോടതി
Post Your Comments