കോട്ടയം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഒരു കണികപോലും സത്യമില്ലെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. താൻ അടിമുടി ഒരു കോൺഗ്രസുകാരിയാണ്. ചെറുപ്പം മുതൽ കോൺഗ്രസ് ആശയങ്ങളിൽ ഉറച്ചുനിൽക്കുന്ന നേതാവാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
പത്മജാ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേരുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി.) ഭയന്നാണെന്ന ബിന്ദു കൃഷ്ണയുടെ വിമര്‍ശനത്തിന് ആ പറഞ്ഞ ആളുകളൊക്കെ ബി.ജെപിയുമായി ചര്‍ച്ച നടത്തിയിട്ടുള്ളവരാണെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. ഇപ്പറയുന്ന വലിയ ആവേശം പറയുന്നവരൊക്കെ ഇതിന് മുന്‍പ് പാര്‍ട്ടിയുമായി ചര്‍ച്ചനടത്തിയിട്ടുള്ളവരാണെന്നും അതേക്കുറിച്ചൊന്നും തന്റെ മാന്യത മൂലം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാഷ്ട്രീയമായി ഇന്നേവരെ മറ്റൊരു പാർട്ടിയിലേക്ക് ഒരു നേതാവും ക്ഷണിച്ചിട്ടില്ലെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. ഇത്തരമൊരു ചർച്ച നടത്താനുള്ള അവസരം താനുണ്ടാക്കിയിട്ടുമില്ല. നാളെ ഇത്തരമൊരു ചർച്ച നടത്തുകയുമില്ല. കോൺഗ്രസുകാരെ മുഴുവൻ ബി.ജെ.പിയിലേക്കാത്തിക്കാമെന്ന് കരുതി ആരെങ്കിലും ഇറങ്ങിത്തിരിച്ചാൽ അത് മലർപൊടിക്കാരന്റെ സ്വപ്നമാണെന്നേ പറയാൻകഴിയൂ, അവർ വ്യക്തമാക്കി.
പത്മജാ വേണുഗോപാൽ കോൺഗ്രസ് വിട്ടത് പാർട്ടിക്കേറ്റ തിരിച്ചടി എന്നതിനേക്കാൾ അവർ അത്തരം ഒരു നിലപാട് സ്വീകരിക്കാൻ പാടില്ലായിരുന്നു എന്നതാണ് പ്രധാനമെന്നും അവർ വ്യക്തമാക്കി. കെ കരുണാകരൻ കേരളത്തിന്റെ മതേതര മുഖത്തിന്റെ ഏറ്റവും വലിയ പ്രതീകമായിരുന്നു എന്നും, ഈ വാർത്ത കേട്ടപ്പോൾ സത്യമാകരുതേ എന്ന് താൻ പ്രാർഥിച്ചു എന്നും ബിന്ദു കൂട്ടിച്ചേർത്തു.
Post Your Comments