KeralaLatest News

പൊലീസ് സഹകരണ സംഘത്തിലും തട്ടിപ്പ്: പൊലീസുകാരന്റെ വ്യാജ ഒപ്പിട്ട് മറ്റൊരു പൊലീസുകാരൻ വായ്പയെടുത്തു

കല്പറ്റ: ഇടുക്കി ജില്ലാ പൊലീസ് സഹകരണ സംഘത്തിലും തട്ടിപ്പ്. പൊലീസുകാരന്റെ വ്യാജ ഒപ്പിട്ട് മറ്റൊരു പൊലീസുകാരൻ 20 ലക്ഷം രൂപ വായ്പയെടുത്തെ്ന്നാണ് പരാതി. ഇടുക്കി പടമുഖം സ്വദേശിയായ കെ കെ സിജുവിൻറെ വ്യാജ ഒപ്പിട്ട് കുളമാവ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ അജീഷ് വായ്പയെടുത്തെന്നാണ് പരാതി. സിജുവിൻറെ പരാതിയിൽ സഹകരണ സംഘം ഭാരവാഹികൾ ഉൾപ്പെടെ ആറ് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

2017ലാണ് സിജുവിന്റെ വ്യാജ ഒപ്പിട്ട് അജീഷ് 20 ലക്ഷം രൂപ വായ്പയെടുത്തത്. ഇയാൾക്കൊപ്പം ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെ അക്കൗണ്ട്സ് ഓഫീസർ മീനകുമാരി, പൊലീസ് സഹകരണ സംഘം പ്രസിഡൻറും സെക്രട്ടറിയുമായിരുന്ന കെ കെ ജോസി, ശശി ഇപ്പോഴത്തെ ഭാരവാഹികളായ സനൽ കുമാർ, അഖിൽ വിജയൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. നാലു പേരുടെ ജാമ്യത്തിലാണ് പൊലീസ് സൊസൈറ്റിയിൽ നിന്നും വായ്പ അനുവദിക്കുന്നത്.

ഇതിൽ മൂന്നാമത്തേതായി സിജുവിന്റെ പേര് എഴുതി വ്യാജ ഒപ്പിട്ടെന്നാണ് പരാതി. ഇത് കൃത്യമായി പരിശോധിക്കാതെ എസ് പി ഓഫീസിലെ അക്കൗണ്ട്സ് ഓഫീസർ സാലറി സർട്ടിഫിക്കറ്റ് നൽകി. സഹകരണ സംഘം ഇതിന്റെ അടിസ്ഥാനത്തിൽ മതിയായ പരിശോധന നടത്താതെ വായ്പ അനുവദിച്ചു.

അജീഷ് വായ്പ തിരിച്ചടക്കാതെ വന്നതോടെ ജാമ്യക്കാരിൽ നിന്നും ഈടാക്കുമെന്നുള്ള നോട്ടീസ് ലഭിച്ചപ്പോഴാണ് സിജു സംഭവം അറിയുന്നത്. ഉടൻ തന്നെ ഇടുക്കി എസ് പിക്ക് പരാതി നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് ഇടുക്കി പൊലീസിൽ പരാതി നൽകിയത്. അക്കൗണ്ട്സ് ഓഫീസർ നൽകിയ രേഖയുടെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിച്ചതെന്നും നടപടിയിൽ വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് സംഘം ഭാരവാഹികളുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button