തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർഥി സിദ്ധാർഥൻ്റെ മരണത്തിൽ പങ്കുള്ള അക്രമികൾക്ക് എതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രതികളെ ഒരാളെയും വെറുതെ വിടില്ലെന്നും എല്ലാവർക്കും ശിക്ഷ വാങ്ങി നൽകുമെന്നും മന്ത്രി പറഞ്ഞു. എസ്എഫ്ഐ എന്നല്ല കുറ്റവാളികൾ ഏത് സംഘടനകളിൽ ആണെങ്കിലും നടപടിയുണ്ടാകും. ഇത്തരം അക്രമങ്ങൾ ഒരു സംഘടനയും നടത്താൻ പാടില്ല. സർക്കാർ നടപടിയിൽ സിദ്ധാർത്ഥൻ്റെ പിതാവ് തൃപ്തനെന്ന് അറിയിച്ചതായും എല്ലാ കാര്യങ്ങളിലും കുടുംബത്തോടൊപ്പമാണ് സർക്കാർ എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പൂക്കോട് വെറ്റിനറി കോളേജ് വിസിക്കെതിരെ നടപടിയെടുത്ത് ഗവർണർ. വിസിയെ സസ്‌പെന്റ് ചെയ്തതായി ഗവർണർ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വെറ്റിനറി സർവകലാശാല വിസി എം ആർ ശശീന്ദ്രനാഥിനെതിരെയാണ് നടപടി സ്വീകരിച്ചത്. സർക്കാർ നടപടി എടുക്കാതിരിക്കെ ആണ് ഗവർണർ വിസിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സർവകലാശാല അധികൃതരുടെ അറിവോടെയായിരുന്നുവെന്നും ഗവർണർ അറിയിച്ചു. സിദ്ധാർത്ഥന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഗവർണർ നീക്കം ആരംഭിച്ചു.
സിദ്ധാര്‍ത്ഥന്റെ മരണത്തിൽ 12 വിദ്യാർത്ഥികൾക്കെതിരെ കൂടി നടപടിയെടുക്കും. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കി. ഇവര്‍ക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കി. മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്നും പുറത്താക്കി.
Post Your Comments