KeralaLatest NewsNews

അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കായുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ: സംസ്ഥാനതല ഉദ്ഘാടനം നാളെ

തിരുവനന്തപുരം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാന വ്യാപകമായി മാർച്ച് 3, ഞായറാഴ്ച നടക്കും. 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. 5 വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി പൾസ് പോളിയോ തുള്ളിമരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 23,471 ബൂത്തുകൾ പ്രവർത്തിക്കും. ഇതിനായി 46,942 വോളണ്ടിയർമാർക്കും 1564 സൂപ്പർവൈസർമാർക്കും പരിശീലനം നൽകിയിട്ടുണ്ട്.

Read Also: എവറസ്റ്റ് കീഴടക്കാം! പക്ഷേ ഒരു നിബന്ധന, പുതിയ അറിയിപ്പുമായി നേപ്പാൾ

മാർച്ച് 4, 5 തീയതികളിൽ വോളണ്ടിയർമാർ വീടുകളിൽ സന്ദർശനം നടത്തി 5 വയസിൽ താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും തുള്ളിമരുന്ന് നൽകി എന്നുറപ്പാക്കുന്നതാണ്. എന്തെങ്കിലും കാരണത്താൽ മാർച്ച് മൂന്നിന് തുള്ളിമരുന്ന് നൽകാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് ഭവന സന്ദർശന വേളയിൽ തുള്ളിമരുന്ന് നൽകുന്നതാണ്. എല്ലാ രക്ഷാകർത്താക്കളും 5 വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുള്ളിമരുന്ന് നൽകി പോളിയോ നിർമ്മാർജന തീവ്രയജ്ഞത്തിൽ പങ്കാളികളാകണം.

കേരളത്തിൽ 2000ന് ശേഷവും ഇന്ത്യയിൽ 2011 ന് ശേഷവും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചിൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചുവെങ്കിലും നമ്മുടെ അയൽ രാജ്യങ്ങളിൽ പോളിയോ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ രോഗസാധ്യത ഒഴിവാക്കുന്നതിനായാണ് പോളിയോ തുള്ളി മരുന്ന് നൽകുന്നത്.

മാർച്ച് മൂന്നിന് രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പോളിയോ ബൂത്തുകൾ പ്രവർത്തിക്കുന്നത്. സ്‌കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബൂത്തുകൾ, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകൾ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ പൂർണ സഹകരണത്തോടെയാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംഘടിപ്പിക്കുന്നത്.

Read Also: കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല, ഉണ്ടായിരുന്നത് ഞാന്‍ പൂട്ടിച്ചു, കെ മുരളീധരനേയും നാടുകടത്തി: വി ശിവന്‍കുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button