
‘എന്റെ മോനെ പോസ്റ്റുമോർട്ടം ചെയ്തപ്പോ മൂന്ന് ദിവസമായി ആഹാരം കഴിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട് കിട്ടിയത്. കുറച്ചു വെള്ളമെങ്കിലും അവനെ കൊല്ലാൻ നേരം കൊടുത്തൂടാരുന്നോ? അവനെ പഠിപ്പിക്കാനാണ് ഈ പ്രായത്തിലും ഗൾഫിൽ ജോലി ചെയ്യുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വേണ്ടവർക്ക് എന്റെ കയ്യിൽ ഉണ്ട്’, പറയുന്നത് വയനാട്ടിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ അച്ഛനാണ്. ഏഷ്യാനെറ്റ് ന്യൂസിൽ നടന്ന ചർച്ചയിൽ പങ്കെടുത്തതുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
മകന്‍റെ മരണത്തില്‍ സിപിഎമ്മിനെതിരെ കടുത്ത ആരോപണങ്ങളുമായി സിദ്ധാര്‍ഥന്‍റെ അച്ഛന്‍ ജയപ്രകാശന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. പ്രതികളെ സംരക്ഷിക്കുന്നത് സിപിഎം ആണെന്ന് അദ്ദേഹം ആരോപിച്ചു.എസ്എഫ്ഐയില്‍ ചേരാന്‍ വിസമ്മതിച്ചത് സിദ്ധാര്‍ഥനോടുള്ള വൈരാഗ്യത്തിന് കാരണമായെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഇന്നലെ പൊലീസിൽ കീഴടങ്ങിയ എസ്എഫ്ഐ നേതാക്കളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കോളേജ് യൂണിയൻ പ്രസിഡൻ്റ് കെ അരുൺ, യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരാണ് ഇന്നലെ രാത്രി കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. ഇന്നലെ രാത്രി ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഇയാളുടെ അറസ്റ്റും ഇന്നുണ്ടാകും. ഇതോടെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട പത്തുപേർ പൊലീസ് പിടിയിലായി. ഒളിവിലുള്ള ആറു പേർക്കായി തെരച്ചിൽ തുടരുകയാണ്. പ്രതികൾക്ക് എതിരെ മർദനം, തടഞ്ഞുവയ്ക്കൽ, ആയുധം ഉപയോഗിക്കൽ, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
സിദ്ധാർത്ഥിന്റെ മരണത്തിൽ ഇന്‍ക്വസ്റ്റ് സമയത്തുതന്നെ ശരീരത്തിന്റെ പലഭാഗങ്ങളിലും അസ്വാഭാവികമായ പരിക്കുകള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും അവ കൃത്യമായി മാര്‍ക്ക് ചെയ്ത് നല്‍കുകയും ചെയ്തിരുന്നു. അത് ബന്ധുക്കളെയും ഡോക്ടറെയും അറിയിച്ചെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, കോളേജില്‍ ഒരു ആത്മഹത്യ നടന്നിട്ട് പൊലീസിനെ എന്തുകൊണ്ട് അധികൃതര്‍ അറിയിച്ചില്ലെന്ന ആരോപണമുയരുന്നുണ്ട്.
Post Your Comments