തിരുവനന്തപുരം: ‘അമ്മേ ഞാൻ കിടക്കുകയാണ്, വിളിക്കാം. വേറെയൊന്നുമില്ല’ -മരിക്കുന്നതിനു മുൻപ് സിദ്ധാർഥ് അമ്മ ഷീബയോടു പറഞ്ഞത് ഇത്രമാത്രം. നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്ന് അമ്മ പലതവണ ചോദിച്ചിട്ടും അവൻ കാര്യം പറഞ്ഞില്ല. ഫെബ്രുവരി 18-നാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ ബി.വി.എസ്.സി. വിദ്യാർഥി നെടുമങ്ങാട് സ്വദേശി ജെ.എസ്.സിദ്ധാർഥനെ(21) ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
15-ന് തിരുവനന്തപുരത്തേക്കു വരികയാണെന്നുപറഞ്ഞ് അമ്മയെ വിളിച്ചു. ജനശതാബ്ദി എക്സ്പ്രസിൽ കോഴിക്കോട്ടുനിന്നു കയറാനിരുന്നതാണ്. എന്നാൽ, സ്റ്റേഷനിലെത്തിയതു താമസിച്ചാണെന്നും വണ്ടി പോയെന്നും അമ്മയെ വിളിച്ചു പറഞ്ഞു. ഒടുവിൽ ആറുമണിക്കുള്ള വണ്ടിക്കാണ് കയറിയത്. പുലർച്ചെ തിരുവനന്തപുരത്തെത്തുമല്ലോ എന്നോർത്ത് ഷീബ വിളിച്ചപ്പോൾ, കോളേജിലേക്ക് അത്യാവശ്യമായി തിരികെപ്പോകുകയാണെന്ന് അവൻ അറിയിക്കുകയായിരുന്നു.
എറണാകുളത്തെത്തിയ ശേഷമാണ് തിരിച്ചുപോയത്. കൂട്ടുകാരൻ വിളിച്ചതുകൊണ്ടാണ് പോകുന്നതെന്നാണ് അമ്മയോടു പറഞ്ഞത്. അസൈൻമെന്റുമായി ബന്ധപ്പെട്ട് ഒരു പേപ്പർ കൊടുക്കാനാണ് പോകുന്നതെന്നായിരുന്നു അവന്റെ മറുപടി.16-ന് കോളേജിലെത്തിയോ എന്നറിയാൻ പലതവണ അവനെ വിളിച്ചതായി അമ്മ ഓർക്കുന്നു. എന്നാൽ, ഫോണെടുത്തില്ല. എനിക്ക് എന്തോ പേടിയായി.
വർത്തമാനത്തിൽനിന്ന് അവന് സുഖമില്ലെന്നും മനസ്സിലായി. വിളിക്കണമെന്നു പറഞ്ഞ് ഒടുവിൽ അവന്റെ ഫോണിലേക്ക് മെസേജയച്ചു. അവൻ ഫോൺ ചെയ്തു.കിടക്കുകയാണ്, വിളിക്കാം എന്നായിരുന്നു പറഞ്ഞത്. തുടർന്നുള്ള രണ്ടു ദിവസങ്ങളിലും ഇതേ മറുപടിയാണ് അവനു പറയാനുണ്ടായിരുന്നത്.
‘അവന്റെ കൂടെ പഠിച്ച നാലു വിദ്യാർഥികളും സീനിയേഴ്‌സും ചേർന്നാണ് അവനെ കൊന്നത്. എല്ലാവരും എസ്.എഫ്.ഐ.ക്കാർ. മകനെ മർദിച്ചും കഴുത്തുഞെരിച്ചും കൊന്ന് അവർ കെട്ടിത്തൂക്കിയതാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും അതാണ് സൂചിപ്പിക്കുന്നത്. പോലീസും സർവകലാശാലയും പ്രതികളെ രക്ഷപ്പെടുത്താൻ കൂട്ടുനിൽക്കുകയാണ്’- സിദ്ധാർഥന്റെ അച്ഛൻ നെടുമങ്ങാട് വിനോദ് നഗർ കുന്നുംപുറത്ത് ജയപ്രകാശ് ആരോപിച്ചു.
Post Your Comments