കല്‍പറ്റ : വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസില്‍ വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ യൂണിറ്റ് സെക്രട്ടറിയും യൂണിയൻ ചെയർമാനും ഒളിവില്‍ കഴിയുമ്പോഴും സംഭവത്തിന് രാഷ്ട്രീയനിറം നല്‍കരുതെന്ന പ്രസ്താവനയുമായി എസ്.എഫ്.ഐ. വസ്തുതകളെ വളച്ചൊടിച്ച് എസ്.എഫ്.ഐയെ ആക്രമിക്കാനുള്ള ശ്രമമാണെന്ന് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ആത്മഹത്യ ചെയ്തതിന്‍റെ ദിവസങ്ങള്‍ക്ക് മുമ്പ് വിദ്യാർഥി മർദ്ദിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നുവെന്നും വിഷയത്തില്‍ 12 വിദ്യാർഥികളെ കോളജ് സസ്പെൻഡ് ചെയ്ത ഉടൻ തന്നെ യൂണിറ്റ് കമ്മിറ്റി യോഗം ചേർന്ന് അതില്‍ ഉള്‍പ്പെട്ട നാല് പ്രവർത്തകരെ സംഘടനയില്‍ നിന്ന് പുറത്താക്കിയതാണെന്നും എസ്.എഫ്.ഐ അവകാശപ്പെട്ടു.
വിദ്യാർഥിയുടെ ആത്മഹത്യയില്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവന ഇറക്കുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് കിട്ടിയ അവസരം ഉപയോഗിച്ച് എസ്.എഫ്.ഐയെ വേട്ടയാടാനും, വിദ്യാർഥികള്‍ക്കിടയില്‍ നടന്ന സംഘർഷത്തിന് രാഷ്ട്രീയനിറം നല്‍കാനും ചില കേന്ദ്രങ്ങളില്‍ നിന്ന് ബോധപൂർവമായ ശ്രമം ഉണ്ടാകുന്നത് -പ്രസ്താവനയില്‍ പറയുന്നു.
ഇത്തരം പ്രശ്നങ്ങളില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കും സംരക്ഷണം കൊടുത്ത പാരമ്പര്യം എസ്.എഫ്.ഐക്ക് ഇല്ല, ഇനിയൊരാളെയും സംരക്ഷിക്കാൻ എസ്.എഫ്.ഐ ഉദ്ദേശിക്കുന്നുമില്ല. ക്യാമ്പസുകളില്‍ എന്തിൻ്റെ പേരിലായാലും ഒരു വിദ്യാർത്ഥി ആക്രമിക്കപ്പെടുന്നതും, ആത്മഹത്യ ചെയ്യുന്നതുമെല്ലാം ദൗർഭാഗ്യകരവും, എസ്.എഫ്.ഐക്ക് അംഗീകരിക്കാൻ കഴിയാത്തതുമാണ്.
ആയതിനാല്‍ വയനാട് വെറ്ററിനറി സർവകലാശാല ക്യാപസില്‍ നടന്ന സംഘർഷത്തെ സംബന്ധിച്ചും, വിദ്യാർത്ഥിയുടെ ആത്മഹത്യയെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തി മുഴുവൻ സത്യങ്ങളും പുറത്ത് കൊണ്ടുവരണമെന്നും, ഒരു വിദ്യാർത്ഥിയുടെ മരണം കേവല രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുന്ന പ്രവർത്തനം വലതുപക്ഷ സംഘടനകള്‍ അവസാനിപ്പിക്കണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പൂക്കോട് വെറ്ററിനറി സർവകലാശാല ബി.വി.എസ്.സി വിദ്യാർഥി നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ എസ്.എഫ്.ഐ പ്രവർത്തകരായ ഏഴ് പേരാണ് അറസ്റ്റിലായത്. പ്രധാന പ്രതികളായ 12 പേർക്കെതിരെ ലുക്ക്‌ഔട്ട് നോട്ടിസ് ഇറക്കും. ഒളിവിലുള്ള പ്രതികളെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് നീക്കം. കോളജ് യൂണിയൻ പ്രസിഡന്‍റും എസ്.എഫ്.ഐ സെക്രട്ടറിയും ഇതിലുള്‍പ്പെടും.
Post Your Comments