കൊല്ലം: ഉത്സവാഘോഷത്തിനിടെ യുവാവിന്റെ തലയോട്ടി തല്ലിത്തകർത്ത പ്രതികൾ പിടിയിൽ. പേരൂരിലാണ് സംഭവം. തട്ടാർകോണം സ്വദേശി ശരത്കുമാറിനാണ് ക്രൂരമായി മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെയാണ് കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. വടക്കേവിള സ്വദേശി ശ്രീഹരി, അയത്തിൽ നേതാജി നഗർ സ്വദേശി സുധി, തട്ടാർകോണം കൊച്ചുകാവ് അമ്പലത്തിന് സമീപം താമസിക്കുന്ന മനോജ് തുടങ്ങിയവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. രാത്രിയിൽ പേരൂർ കരുനല്ലൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിയ പ്രതികൾ ഉത്സവം കണ്ടു നിന്നവരെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തൃക്കോവിൽവട്ടം സ്വദേശിയായ ശരത്കുമാർ ഓടിമാറാൻ ശ്രമിച്ചപ്പോൾ ശ്രീഹരി മരക്കഷ്ണം ഉപയോഗിച്ച് തലയിൽ അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു പ്രതികൾ ചേർന്ന് ശരതിനെ ക്രൂരമായി മർദിക്കുകയും ചെയ്തു.
ഈ ആക്രമണത്തിൽ ശരത്കുമാറിന്റെ തലയോട്ടിയും തോളെല്ലും പൊട്ടി. ഗുരുതരമായി പരിക്കേറ്റ ശരതിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശരത്കുമാറിന്റെ അച്ഛനാണ് സംഭവത്തിൽ പരാതി നൽകിയത്.
Post Your Comments